അഭിഭാഷകരോട് ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര. കൗമുദി ഹെഡ്‌ലൈന്‍സ്
1. മരടിലെ ഫ്ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ആവശ്യം ഉന്നയിച്ച അഭിഭാഷകരോട് ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതിയ്ക്ക് പുറത്തു പോകാന്‍ നിര്‍ദ്ദേശം. ഒരു ആവശ്യവും അംഗീകരിക്കാന്‍ ആവില്ല എന്നും ജസ്റ്റിസ് മിശ്ര. ഫ്ളാറ്റ് മാറാന്‍ ഒരാഴ്ച്ച കൂടി സമയം നീട്ടി നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിലപാട് എടുക്കുക ആയിരുന്നു
2. മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാന്‍ ശേഷിക്കുന്നത് 83 കുടുംബങ്ങള്‍ ആണ്. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്ളാറ്റ് വിട്ട് പോകണം എന്നായിരുന്നു ഉത്തരവ് എങ്കിലും വീട്ടുപകരണം മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുക ആയിരുന്നു. മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ 326 അപ്പാര്‍ട്ട്‌മെന്റില്‍ നിന്നായി 243 ലധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞെത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
3. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തി ആക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കും എന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്ളാറ്റുകളിലും 20 വോളണ്ടിയര്‍മാരെ ആണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും വ്യന്യസിച്ചു.
4. ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനം നീക്കുന്നതില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വയനാട് എം.പി രാഹുല്‍ ഗാന്ധി. നിരാഹാരം ഇരിക്കുന്ന അഞ്ചു പേരെയും രാഹുല്‍ കണ്ടു. വന പാതയിലൂടെ ഉള്ള ഗതാഗതം ഇന്ത്യയിലെ പല ഭാഗത്തുമുണ്ട്. അത് വയനാട്ടില്‍ മാത്രമായി തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും സമര പന്തല്‍ സന്ദര്‍ശിച്ചു
5. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. ബത്തേരിയിലെ സന്ദര്‍ശനത്തിന് ശേഷം കലക്ടറേറ്റില്‍ നടക്കുന്ന വികസന സമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അതിന് ശേഷം ഡല്‍ഹിക്ക് തിരിക്കും. ദേശീയപാത 766 അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം ഇന്ന് പത്താം ദിവസത്തില്‍ ആണ്. ജനകീയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ദ സമിതി, പ്രദേശവാസികളെ കൂടി കേള്‍ക്കാന്‍ സന്നദ്ധം ആകും എന്നാണ് പ്രതീക്ഷയെന്ന് യുവജന സമിതി നേതാക്കള്‍ പറഞ്ഞു.
6.. കോഴിക്കോട് കൂടാത്തയിലെ ബന്ധുക്കളായ ആറു പേരുടെ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മ്യതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു .ആദ്യം പുറത്ത് എടുത്തത് കോടഞ്ചേരി പള്ളിയില്‍ അടക്കിയ മൃതദേഹങ്ങള്‍. 10 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം പുറത്ത് എടുത്തത് .വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസും ബന്ധുക്കളുമാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ദുരൂഹമായി മരിച്ചത്. സംഭവത്തില്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു
7. കൂടത്തായി പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച നാലുപേരുടെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. മണ്ണില്‍ ദ്രവിക്കാത്ത പല്ല്, എല്ലിന്‍ കഷ്ണങ്ങള്‍, തലയോട്ടി എന്നിവയാണ് പുറത്തെടുത്ത് പരിശോധിക്കുക. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും
8. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ആയിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, ടോം തോമസിന്റെ മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു, ഷാജുവിന്റെ ഭാര്യ സിലി പത്ത് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളക്കിടെ സമാനമായ സ്വഭാവത്തില്‍ മരിച്ചത്. എല്ലാവും കുഴഞ്ഞ് വീണ് മരിക്കുക ആയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ടോം തോമസിന്റെ രണ്ടാമത്ത മകന്‍ റോജോ പൊലീസില്‍ പരാതി നല്‍കി. മരിച്ച റോയിയുടെ വയറ്റില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി റോജോയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
9.. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. നടപടി, പൊതു പ്രവര്‍ത്തകര്‍ക്ക് എതിെര അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങി ഇരിക്കണം എന്ന വ്യവസ്ഥ പ്രകാരം. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം പിന്നിട്ട്, നാലുപേരുടെ അറസ്റ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് മുന്‍ മന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടുന്നത്. ഔദ്യോഗിക കൃത്യ നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയമെങ്കില്‍, പൊതു പ്രവര്‍ത്തകന് എതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
10. അഴിമതി നിരോധന നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് മുന്‍ മന്ത്രിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സംഘം അനുമതി തേടിയത്. മരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കും. ഇതുവരെ നടന്നതെല്ലാം പൊതുവായ അന്വേഷണം ആയിരുന്നുവെന്നും മന്ത്രിയെന്ന നിലയിലുള്ള പങ്കിനെക്കുറിച്ച് ഇനി പ്രത്യേകമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എന്നുമാണ് ഔദ്യോഗിക വിശദീകരണം.