reserve-bank-

മുംബയ് : തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്കിൽ കുറവ് വരുത്തി റിസർവ് ബാങ്ക്. 25 പോയിന്റ് കുറച്ച് റിപ്പോ നിരക്ക് 5.15 ശതമാനമാക്കി. ഇതോടെ ഈ കലണ്ടർ വർഷം ഇതുവരെ 135 ബേസിസ് പോയിന്റാണ് കുറച്ചത്. സാമ്പത്തിക ഞെരുക്കം മറികടക്കാനും വായ്പനൽകുന്നതിനായി ബാങ്കുകളുടെ കൈവശം കൂടുതൽ തുകയെത്തുവാനും വേണ്ടിയാണ് റിസർവ് ബാങ്ക് ഈ തീരുമാനമെടുത്തത്. റിപ്പോനിരക്ക് കുറയുന്നതോടെ ബാങ്കുകളുടെ വായ്പയിലും അത് പ്രതിഫലിക്കും. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ റിപ്പോ നിരക്ക് ഇത്രയും താഴ്ത്തുന്നത് ആദ്യമാണ്.

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ പത്തുമാസത്തെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാണെങ്കിലും ആശങ്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നതാണ് റിസർവ് ബാങ്കിന് നിർണായക തീരുമാനമെടുക്കാൻ ധൈര്യം നൽകുന്നത്. നാല് ശതമാനത്തിന് താഴയാണ് ഇപ്പോഴും രാജ്യത്തെ പണപ്പെരുപ്പം. റിപ്പോ നിരക്ക് കുറയുന്നത് ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നവർക്ക് അനുഗ്രഹമായി മാറും. എന്നാൽ ഉടൻ ബാങ്കുകൾ വായ്പനിരക്ക് കുറയ്ക്കാൻ സാദ്ധ്യതയില്ലെന്നും, എന്നാൽ ക്രമേണ നിരക്ക് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.