ചലച്ചിത്ര താരം ജയസൂര്യയ്ക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം. ട്രാൻസ്ജൻഡറിന്റെ കഥ പറഞ്ഞ 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമേരിക്കയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒഫ് സിൻസിനാറ്റിയിലാണ് താരത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അവാർഡ് ലഭിച്ച കാര്യം അറിയിച്ചിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ഞൂറോളം സിനിമകൾ ഉണ്ടായിരുന്നു. കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മത്സരരംഗത്തുണ്ടായിരുന്നു. തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകർക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
'ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒഫ് സിൻസിനാറ്റിയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുന്നു. 'ഞാൻ മേരിക്കുട്ടി'എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു കഥാപാത്രമാണ്. രഞ്ജിത് ശങ്കറിനും സിനിമയിലെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി'-ജയസൂര്യ കുറിച്ചു.