പ്രണയ മീനുകളുടെ കടൽ പേര് സൂചിപ്പിക്കും പോലെയൊരു പ്രണയകാവ്യമാണ്. ഒട്ടേറെ പ്രണയങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച കമൽ എന്ന വലിയ സംവിധായകന്റെ ചെറിയ ചിത്രമാണിത്. ലക്ഷദ്വീപിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായൊരു കഥ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
ലക്ഷദ്വീപിലെ അറയ്ക്കൽ കുടുംബത്തിന് വേണ്ടി കോഴിക്കോട് നിന്ന് ഉരു(കപ്പൽ) പണിക്ക് വരുന്ന ആശാരിമാരുടെ കഥ പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. ഉരു പണിക്ക് വന്നവരുടെ കൂട്ടത്തിൽ സിനിമാമോഹവുമായി നടക്കുന്ന തന്നിഷ്ടക്കാരനും ന്യൂ ജനറേഷൻ പയ്യനുമായ അജ്മലിന് അറയ്ക്കലിലെ ഇളമുറക്കാരിയായ ജാസ്മിനെ കണ്ടത് മുതൽ മൊഹബത്താണ്. അജ്മലിന്റെ പ്രണയാഭ്യർത്ഥനയിൽ നിന്നൊക്കെ ബോധപ്പൂർവ്വം മാറി നടക്കുകയാണ് ജാസ്മിൻ. താൻ എത്ര മാറി നടന്നിട്ടും വീണ്ടും മുന്നിലയാൾ വന്ന് പെടുന്നുണ്ട്-വീണ്ടും വീണ്ടും കരയോടടുക്കുന്ന തിരമാലകൾ പോലെ. ജാസ്മിൻ മാറി നടക്കുന്നതിന് അവൾക്ക് വ്യക്തമായ കാരണമുണ്ട്-ആണുങ്ങളൊക്കെ എങ്ങനെയെങ്കിലും മരണപ്പെട്ടു പോകുന്ന ഒരു ചരിത്രമുണ്ട് അവളുടെ കുടുംബത്തിൽ. അതിനാൽ തന്നെ ദ്വീപിൽ നിന്ന് കരയിലോട്ട് പോയി പഠിക്കാൻ പോലും അവളെ തന്റെ അമ്മയായ സുൽഫത്തും മുത്തശ്ശിയായ നൂർജഹാനും അനുവദിച്ചിരുന്നില്ല. എന്നാൽ ജാസ്മിനെ വിട്ട് പോകാൻ അജ്മൽ ഒരു വിധത്തിലും തയ്യാറായിരുന്നില്ല.
അജ്മലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. ജാസ്മിന്റെ സമ്മതം നേടിയാലും അവളുടെ നിഴൽ പോലെ നടക്കുന്ന ഹൈദ്രുവുണ്ട്(വിനായകൻ)-അറയ്ക്കലിലെ വിശ്വസ്തൻ.കടലിലേക്കാണ് അയാൾ ജനിച്ച് വീണതെന്ന് പറയാം. കൊമ്പൻ സ്രാവിനെ ഒറ്റയ്ക്ക് നിന്ന് കുത്തിവീഴ്ത്തുന്ന വേട്ടക്കാരൻ. ചെറുതിലെ തന്നെ ഒപ്പം കൂട്ടിയ അറയ്ക്കലിലെ ബീവി നൂർജഹാന്റെ വേട്ടനായ കൂടിയാണ് ഹൈദ്രു. ആദ്യ പകുതിയിൽ കഥാപാത്രങ്ങളെ കഥാപശ്ചാത്തലവും അവതരിപ്പിച്ച് രണ്ടാം പകുതിയിലാണ് സിനിമ അജ്മലിന്റെ ജാസ്മിന്റെയും പ്രണയത്തിന്റെ കഥയാകുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ വെല്ലുവിളികളെ മറികടന്ന് അജ്മലിന് ജാസ്മിനെ സ്വന്തമാക്കാൻ ആകുമോ എന്ന് രണ്ടാം പകുതിയിലറിയാം.
ജാസ്മിന്റെ സുഹൃത്തും ഉപദേഷ്ഠാവുമൊക്കെയാണ് അൻസാരി (ദിലീഷ് പോത്തൻ). പ്രവൃത്തികൾ കുറച്ചും ഉപദേശം ഏറെയുമുള്ള അൻസാരി കഥയിൽ ഒടുവിൽ നിർണായകമാകുന്നുണ്ട്. ക്രിമിനൽ കുറ്റങ്ങൾ വളരെ കുറച്ചു മാത്രം കണ്ട് വരുന്ന കവരത്തിയിലെ രസികനായ പൊലീസുകാരനായെത്തുന്നത് സൈജു കുറുപ്പാണ്. അജ്മലും ജാസ്മിനുമായി എത്തുന്നത് ഗാബ്രി ജോസും റിഥി കുമാറുമാണ്. ഗാബ്രി ജോസിന്റെ അരങ്ങേറ്റ ചിത്രമാണിത്. പത്മാവതി റാവു, ശ്രീധന്യ, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ലക്ഷദ്വീപ് തീരത്തിന്റെയും കടലിന്റെയും കടലിനടിയിലെയും ദൃശ്യങ്ങൾ ഭംഗിയായ ചിത്രീകരിച്ചിട്ടുണ്ട്. ഇവയൊക്കെ മനോഹരമായ ഒപ്പിയെടുത്തത് വിഷ്മു പണിക്കരാണ്. ഷാൻ റഹ്മാന്റെ ഗാനങ്ങളും മികച്ചതാണ്.
റൊമാന്റിക് ഡ്രാമകൾ ഒരുപാട് ഹൃദ്യമാക്കിയ സംവിധായകനാണ് കമൽ. പ്രണയ മീനുകളുടെ കടലിൽ പ്രത്യേകതകൾ അവകാശപ്പെടാവുന്ന കഥയൊന്നുമില്ല. ലക്ഷദ്വീപിലെ ഭാഷയിലൂടെയാണ് പ്രണയ മീനുകളുടെ കടൽ പുരോഗമിക്കുന്നത്. അധികം കണ്ടിട്ടില്ലാത്ത ഈയൊരു ശ്രമം പ്രശംസനീയമാണെങ്കിൽ കൂടി പല സംഭാഷണങ്ങളിലും വ്യക്തത കുറവായി അനുഭവപ്പെടുന്നുണ്ട്. മെല്ലെയുള്ള കഥപറച്ചിലാണ് ചിത്രത്തിൽ. ക്ളീഷേ ഏറെയുള്ള ചിത്രത്തിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഘടകങ്ങൾ കുറവാണ്. കഥയിൽ പാളിയിടത്ത് ദൃശ്യമികവിൽ പിടിക്കുന്നുണ്ട് പ്രണയ മീനുകളുടെ കടൽ.
ദൃശ്യങ്ങളുടെ മനോഹാരിതയ്ക്കും നല്ല സംഗീതത്തിനും വേണ്ടി തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ.
വാൽക്കഷണം: തേടിയെത്തുന്ന പ്രണയം
റേറ്റിംഗ്: 2.5/5