rbi-
RBI

കൊച്ചി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന മാന്ദ്യം ആശങ്കാജനകമെന്ന് ഉറപ്പിച്ച്, തുടർച്ചയായ അഞ്ചാം തവണയും റിസ‌ർവ് ബാങ്ക് റിപ്പോനിരക്ക് വെട്ടിക്കുറച്ചു. കാൽ ശതമാനമാണ് ഇളവ്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുള്ളവർക്ക് പലിശയിൽ ഇളവ് ലഭിക്കും.

സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമായ കാലംവരെ പലിശനിരക്ക് കുറയ്‌ക്കുന്നത് റിസർവ് ബാങ്ക് തുടരുമെന്ന് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ വ്യക്തമാക്കി.

ഇതിനുമുമ്പ് റിസർവ് ബാങ്ക് ഇത്രയധികം തവണ തുടർച്ചയായി റിപ്പോ കുറച്ചത് 2008-09ലെ ആഗോള സാമ്പത്തികമാന്ദ്യ കാലത്താണ്. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ 5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായാണ് ഇന്നലെ ധനനയ നിർണയ സമിതി (എം.പി.സി) കുറച്ചത്. വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് വാങ്ങുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ 5.15 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായും കുറച്ചു.

റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന അടിയന്തര വായ്പകളുടെ പലിശയായ മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) 5.65 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായും കുറച്ചിട്ടുണ്ട്. ബാങ്കുകളുടെ കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനമായി തുടരും. പലിശ പരിഷ്‌കരണത്തിന് റിസർവ് ബാങ്ക് മുഖ്യ മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ ആശ്വാസ നിരക്കിൽ തുടരുന്നതും ജി.ഡി.പിയിലെ വീഴ്‌ചയും വ്യാവസായിക ഉത്‌പാദനത്തിലെ ഇടിവും വായ്‌പാ ഡിമാൻഡ് ഇല്ലായ്‌മയും വാഹന, ഉപഭോക്തൃ വിപണിയിലെ മാന്ദ്യവുമാണ് അ‌ഞ്ചാംവട്ടവും പലിശ കുറയ്‌ക്കാൻ റിസ‌ർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.

പുതിയ നിരക്കുകൾ

റിപ്പോ : 5.15%

റിവേഴ്‌സ് റിപ്പോ : 4.90%

സി.ആർ.ആർ : 4.00%

വായ്പാപലിശ കുറയും

വായ്പകളുള്ളവർക്ക് ആശ്വാസം

ഉദാഹരണം നോക്കാം:

(ഭവന വായ്‌പ)

വായ്‌പ : ₹30 ലക്ഷം

കാലാവധി : 20 വർഷം

പലിശ: 7.90%

ഇ.എം.ഐ : ₹24,906.82

മൊത്തം പലിശ ബാദ്ധ്യത : ₹ 29,77,636.80

മൊത്തം തിരിച്ചടവ് : ₹59,77,636.80

പുതുക്കിയ പലിശ : 7.65%

ഇ.എം.ഐ : ₹24,443.70

നേട്ടം : ₹463.12

മൊത്തം പലിശ ബാദ്ധ്യത : ₹28,66,488

നേട്ടം : ₹1,11,148.80

മൊത്തം തിരിച്ചടവ് : ₹58,66,488

ജി.ഡി.പി വളർച്ച

കുറയും @ 6.1%

നടപ്പുവർഷം ഇന്ത്യൻ ജി.ഡി.പി വളർച്ച പ്രതീക്ഷിച്ച 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നടപ്പുവർഷം ജൂൺ പാദത്തിൽ വളർച്ച 5% ആയിരുന്നു. സെപ്റ്റംബർ പാദത്തിൽ 5.3 ശതമാനവും ഒക്‌ടോബർ-മാർച്ചിൽ 6.6-7.2 ശതമാനവുമാണ് പ്രതീക്ഷ. അടുത്ത ഏപ്രിൽ-ജൂണിൽ 7.2 ശതമാനം വള‌ർച്ചയും പ്രതീക്ഷിക്കുന്നു. 2018-19ൽ ഇന്ത്യ വളർന്നത് 6.8 ശതമാനമാണ്.

4%

നടപ്പുവർഷം റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ തന്നെ തുടരും. ജൂലായ്-സെപ്റ്റംബറിലെ വിലയിരുത്തൽ 3.4 ശതമാനമാണ്. ഒക്‌ടോബർ-മാർച്ചിൽ 3.5-3.7%. അടുത്ത ഏപ്രിൽ-ജൂണിൽ 3.6 ശതമാനം.

1.35%

തുടർച്ചയായ അഞ്ചു തവണകളിലായി റിപ്പോ നിരക്കിലുണ്ടായ ഇളവ് 1.35%

റിപ്പോ ഇളവിന്റെ പാത

2016 ഒക്‌ടോ : 6.25%

2017 ആഗസ്റ്ര് : 6.00%

2018 ജൂൺ : 6.25%

2018 ആഗസ്റ്ര് : 6.50%

2018 ഡിസം : 6.50%

2019 ഫെബ്രു : 6.25%

2019 ഏപ്രിൽ : 6.00%

2019 ജൂൺ : 5.75%

2019 ആഗസ്റ്ര് : 5.40%

2019 ഒക്‌ടോ : 5.25%

മറ്റു പ്രഖ്യാപനങ്ങൾ

 24x7 നെഫ്‌റ്റ് ഡിസംബർ മുതൽ

 എൻ.ബി.എഫ്.സി - മൈക്രോഫിനാൻസ് വായ്‌പാ പരിധി ഒരുലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തി

 ആഭ്യന്തര ബാങ്കുകൾക്കും ഇനി എൻ.ആർ.ഐ ഇർപാടുകാർക്ക് ഫോറെക്‌സ് സേവനം നൽകാം

ഇടക്കാല

ലാഭവിഹിതമോ?

 കേന്ദ്രസർക്കാർ ഇടക്കാല ലാഭവിഹിതമായി 30,000 കോടി രൂപ കൂടി ആവശ്യപ്പെടുമെന്ന് കേട്ടല്ലോ. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്തോ?

ശക്തികാന്ത ദാസ് : ''ലാഭവിഹിതം ചോദിച്ചുവെന്ന് മാദ്ധ്യമങ്ങളിൽ കണ്ട അറിവേ എനിക്കുള്ളൂ. സർക്കാരിൽ നിന്ന് അറിയിപ്പൊന്നും ഇല്ല"

''ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സ്ഥിരത പുലർത്തുന്നതുമാണ്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല"

ശക്തികാന്ത ദാസ്,

റിസർവ് ബാങ്ക് ഗവർണർ