നായകനായും സ്വഭാവ നടനായുമൊക്കെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൈജു കുറുപ്പ്. കഴിഞ്ഞ പതിനാല് വർഷം കൊണ്ട് നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മയൂഖം, ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള നിരവധി സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും പ്രക്ഷകരുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്.
എന്നാൽ പതിനാല് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മറക്കാൻ പറ്റാത്ത ഒരു കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. വി.കെ പ്രകാശ് സംവിധാനം ചെയ്‌ത താങ്ക്‌യു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഏറെ വേട്ടയാടിയിട്ടുണ്ടെന്നും, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലായിരുന്നെന്ന് ഇപ്പോൾ തോന്നുന്നെന്ന് കേരള കൗമുദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറുപ്പ്.
' വി.കെ.പി സംവിധാനം ചെയ്ത താങ്ക്‌യുവിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം എന്നെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. എന്റെ കഥാപാത്രത്തിന്റെ മകളെ സ്‌കൂൾ ബസിന്റെ ഡ്രൈവർ പീഡിപ്പിച്ച് കൊല്ലുന്നതായിട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. മകളുടെ ശവശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നൊരു സീനുണ്ട്. കുറേ ദിവസം അത് എന്നെ വേട്ടയാടി. ഞാൻ ഒരു അച്ഛനായത് കൊണ്ടാകാം. ആ സീൻ ചെയ്യേണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു'- സൈജു കുറുപ്പ് പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം ഒക്ടോബർ ലക്കം ഫ്ലാഷ് മൂവിസിൽ.