കൽപ്പറ്റ: രാജ്യത്തെ സാമ്പത്തിക തകർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പറയണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ 15 കോർപറേറ്റുകൾക്ക് വേണ്ടി 1,25,000 കോടി മോദി തുലച്ചപ്പോൾ ആവശ്യമായ പണം കിട്ടാതെ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. വയനാട് കളക്ടറേറ്റിൽ നടന്ന ദാരിദ്ര്യ ലഘൂകരണ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ പ്രവർത്തകരെ കണ്ട ശേഷം വാഹനത്തിൽ കയറാനായി പോയ രാഹുൽ തിരികെയെത്തിയാണ് വൈകാരികമായി പ്രതികരിച്ചത്.
ബത്തേരിയിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി എം.പി കൽപ്പറ്റയിൽ എത്തിയത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പദ്ധതി അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. യോഗത്തിൽ ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിക്ക് 4 മാസമായി സർക്കാർ ഫണ്ട് നൽകുന്നില്ലെന്നത് ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിഷയത്തിൽ ഇടപെടാമെന്ന് രാഹുൽ ഉറപ്പ് നൽകി. പ്രളയത്തെ വിജയകരമായി നേരിട്ട ജില്ലാ ഭരണകൂടത്തെ രാഹുൽ അഭിനന്ദിച്ചു. പ്രളയ സഹായ വിതരണത്തെക്കുറിച്ചും അദ്ദേഹം കളക്ടറോട് അന്വേഷിച്ചു.