കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തിൽ കൊലപാതക സാദ്ധ്യത തള്ളാതെ റൂറൽ എസ്.പി. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണത്തെ കൂടുതൽ സഹായിക്കുമെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആറ് പേരും ഒരേ തരം ഭക്ഷണമാണ് കഴിച്ചത്. ഇപ്പോൾ ലഭിച്ച തെളിവുകളിൽ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിച്ചത്. നിലവിൽ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇന്ന് കൂടത്തായിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇതിനുള്ള ഉത്തരം തേടിയാണ് പള്ളി സെമിത്തേരിയിലെ കല്ലറകൾ തുറക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തത്. 2011 സെപ്തംബറിൽ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരൻ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിക്കുന്നതുവരെ നാട്ടുകാരുടെ ചിന്തയിൽ ഇങ്ങനെയൊരു വിഷയമേ ഉണ്ടായിരുന്നില്ല.
2002നും 2016നും ഇടയിൽ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് പലരും മറന്നുതുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ ആ രഹസ്യത്തിന്റെ ചുരുളഴിയാൻ ശ്വാസമടക്കി കാത്തിരിക്കുകയാണ് പലരും. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.
അന്നമ്മയുടെ മരണമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. അദ്ധ്യാപികയായിരുന്ന ഇവർ 2002 ആഗസ്റ്റിൽ കുഴഞ്ഞുവീണ് മരിച്ചു. 2008 ആഗസ്റ്റിൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതേരീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. ഇതിന് ശേഷം 2010ലാണ് അന്നമ്മയുടെ സഹോദരൻ മാത്യുവിന്റെ മരണം. തുടർന്ന് റോയ് തോമസും. ഇതിന് ശേഷം 2016 വരെയുള്ള കാലയളവിനുള്ളിലാണ് യുവതിയുടെയും എല്ലാവരുടെയും പോലെ കുഴഞ്ഞുവീണുള്ള മരണം. കുഞ്ഞും മരണപ്പെട്ടു.
ഇതിൽ റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. അന്നു സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയെങ്കിലും ഇതുസംബന്ധിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല. ഒടുവിൽ ലോക്കൽ പൊലീസിൽ നിന്നും കേസ് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയതോടെയാണ് അന്വേഷണത്തിന് ചൂടേറിയത്.
നാല് മൃതദേഹങ്ങൾ കൂടത്തായി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ടെണ്ണം കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കംചെയ്തത്. കുഴഞ്ഞുവീണുള്ള അന്നമ്മയുടെയും ടോംതോമസിന്റെയും മരണം ഹൃദയാഘാതമായാണ് എല്ലാവരും കരുതിയിരുന്നത്. റോയി തോമസ് മരിച്ചപ്പോൾ വിഷം അകത്തുചെന്നിരുന്നുവെന്ന വിവരം ലഭിച്ചതോടെ ഇത് ആത്മഹത്യയെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, എന്തിനാണ് റോയി ആത്മഹത്യ ചെയ്തതെന്ന കാര്യം ഇന്നും ആർക്കുമറിയില്ല. കൂടാതെ സയനൈഡ് അകത്തുചെന്നിട്ടുണ്ടെങ്കിൽ ഇത് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യം ഏറ്റവും പ്രധാനമാണ്. ഈ കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം നാട്ടുകാരുയർത്തുന്നുണ്ട്. കൂടാതെ കേസിൽ പരാതികൾ വൈകിയതിന് പിന്നിലെ കാരണവും അന്വേഷണ പരിധിയിലുണ്ടെന്ന് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ് പറഞ്ഞു. നിരവധി പേരെ ഇതുസംബന്ധിച്ച് ചോദ്യംചെയ്തിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. എസ്.പി കെ.ജി സൈമണിന്റെ നിയന്ത്രണത്തിൽ അഡീഷണൽ എസ്.പി സുബ്രഹ്മണ്യന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്.