varkala

തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ ഇനി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കേണ്ടെന്ന് തീരുമാനം. ആരോഗ്യ സർവകലാശാലയുടെ ഗവേണിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. ഇതുകൂടാതെ കോളേജിലെ എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷ ഫലം തടഞ്ഞുവയ്ക്കാനും തീരുമാനമായി.

ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടത്തെ വിദ്യാർത്ഥികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. അടിസ്ഥാന സൗകര്യമില്ലാത്ത കോളേജിലെ തുടർപഠനം വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുമെന്നും മറ്റു കോളേജുകളിലേക്ക് ഇവരെ മാറ്റുന്നതാണ് ഉത്തമമെന്നും വിജിലൻസ് സർക്കാരിന് ശുപാർശ നൽകിയിരുന്നു.

കോളേജിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം 2016ന് ശേഷം പ്രവേശനം അനുവദിച്ചിരുന്നില്ല.രോഗികളൊന്നും വരാത്ത ആശുപത്രിയിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയെ കബളിപ്പിക്കാൻ രോഗികളെയും അദ്ധ്യാപകരെയും വാടകയ്ക്കാണ് കൊണ്ടുവന്നിരുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.