thejas

ലക്‌നൗ: ഇന്ത്യയിലെ ആദ്യ 'കോർപ്പറേറ്റ് ട്രെയിൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'തേജസ് എക്‌സ്‌പ്രസ്' ലക്‌നൗ - ഡൽഹി റൂട്ടിൽ സർവീസ് ആരംഭിച്ചു. യു. പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്നലെ ലക്‌നൗ സ്റ്റേഷനിൽ ട്രെയിൻ ഫ്ലാഗ് ഒഫ് ചെയ്‌തു. ആദ്യ സർവീസിൽ 389 യാത്രക്കാരാണ് കയറിയത്.

റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( ഐ. ആർ. സി. ടി. സി ) ആണ് ട്രെയിനിന്റെ നടത്തിപ്പ് നിർവഹിക്കുക. ഇന്ത്യൻ റെയിൽവേയുടെ 166 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മറ്റൊരു ഏജൻസിയുടെ ചുമതലയിൽ ഒരു ട്രെയിൻ സർവീസ് നടത്തുന്നത്. ഇതോടെ റെയിൽവേയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു.

ആറേകാൽ മണിക്കൂർ ആണ് ഓട്ടസമയം. രാവിലെ 6.10ന് ലക്‌നൗവിൽ നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 12. 25ന് ന്യൂഡൽഹി സ്റ്റേഷനിൽ എത്തും. അവിടെ നിന്ന് 3.35ന് പുറപ്പെട്ട് രാത്രി 10.05ന് ലക്നൗവിൽ തിരിച്ചെത്തും. ചൊവ്വാഴ്‌ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനിന് കാൺപൂരിലും ഗാസിയ ബാദിലും മാത്രമാണ് സ്റ്റോപ്പുള്ളത്. ചെയർകാറിന് 1125 രൂപയും എക്‌സിക്യൂട്ടിവ് ചെയർകാറിന് 2,310 രൂപയുമാണ് നിരക്ക്

എ. സി. ചെയർ കാർ മാത്രമുള്ള ട്രെയിൻ ശതാബ്ദി എക്സ്‌പ്രസിന്റെ ആഢംബര പതിപ്പാണ്.

അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കുന്നത്.

ട്രെയിൻ വൈകിയാൽ മണിക്കൂർ കണക്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം

ഓരോ യാത്രക്കാരനും 25ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ്

എല്ലാ കോച്ചിലും വിനോദ ഉപാധികൾ, വാട്ടർ ഫിൽറ്റർ, കോഫി വെൻഡിംഗ് മെഷീൻ

വിമാനത്തിലെ പോലെ ട്രോളികൾ

ലഗേജ് പിക്കപ്പ് സൗകര്യം