crash

ശ്രീനഗർ: പാക് സൈന്യത്തിന്റേതെന്ന് കരുതി സ്വന്തം ഹെലികോപ്ടർ വെടിവച്ച് വീഴ്ത്തിയ ഇന്ത്യൻ വ്യോമസേനയുടെ നടപടി 'വലിയ അബദ്ധ'മായിരുന്നെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ.

അതിർത്തിയിൽ ഇന്ത്യ - പാക് വ്യോമസേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമിൽ ഹെലികോപ്ടർ വെടിവച്ചിട്ടത്. ഫെബ്രുവരി 27ന് ശ്രീനഗറിന് മുകളിലൂടെ പറക്കുകയായിരുന്ന എം.ഐ 17 ഹെലികോപ്ടറിനു നേരെയാണ് ഇന്ത്യൻ വ്യോമസേന മിസൈൽ ഉതിർത്തത്. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു ശ്രീനഗർ സ്വദേശിയും കൊല്ലപ്പെട്ടു.

പാകിസ്ഥാനിൽ നിന്നു തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്ടറിന് നേരെ ആക്രമണം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മിസൈൽ പതിച്ച ശേഷം രണ്ടായി പിളർന്ന് താഴെവീണ ഹെലികോപ്ടർ പൂർണമായും കത്തിയമർന്നിരുന്നു.

'ഇത് നമ്മുടെ ഭാഗത്തു നിന്നു ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായത്. നമ്മൾ തൊടുത്ത ഇസ്രയേൽ നിർമിത സ്‌പൈഡർ മിസൈൽ തന്നെയാണ് എം.ഐ 17 വി 2 വിഭാഗത്തിൽപ്പെട്ട ഹെലികോപ്ടറിനെ തകർത്തത് എന്ന് വ്യക്തമായി. വകുപ്പുതല നടപടികളും അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്. അതൊരു വലിയ അബദ്ധമായിരുന്നു. ഞങ്ങളത് സമ്മതിക്കുന്നു. ഇനിയൊരിക്കലും ഇതാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കും.' വ്യോമസേനാമേധാവിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഭദൗരിയ വ്യക്തമാക്കി.


രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. ശ്രീനഗർ വ്യോമസേനാ താവളത്തിലെ സ്‌പൈഡർ എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നായിരുന്നു മിസൈൽ വിട്ടത്. ഇവിടെയുണ്ടായിരുന്ന വ്യോമസേന ഓഫീസർമാർക്ക് പറ്റിയ തെറ്റായിരുന്നു അത്. ഹെലികോപ്ടർ പറന്നുയർന്ന് പത്തു മിനിട്ടുകൾക്ക് ശേഷമാണ് തകർന്നു വീണത്. ബാലാകോട്ടിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ഇത്. ബാലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോയും വ്യോമസേന പുറത്തുവിട്ടു.