മുംബയ്: സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി തുടർച്ചയായ അഞ്ചാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചു. റിപ്പോയിൽ 0.25 ശതമാനം ഇളവാണ് ഇന്നലെ അനുവദിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് കുറയാൻ വഴിയൊരുങ്ങി. റിവേഴ്‌സ് റിപ്പോ 5.15 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായും കുറച്ചു. കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനത്തിൽ തുടരും.
പലിശ ആകർഷകമാക്കി, വായ്‌പാ ഡിമാൻഡ് കൂട്ടി ഉപഭോക്താക്കളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനമേകുകയാണ് റിപ്പോ നിരക്ക് കുറച്ചതിന്റെ ലക്ഷ്യം.
തുടർച്ചയായി അഞ്ചു തവണയായി റിപ്പോ നിരക്കിൽ 1.35 ശതമാനം ഇളവാണ് വരുത്തിയത്. ഇതിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ പലിശനിരക്ക് താഴ്‌ത്തും. റിപ്പോനിരക്കുമായി വായ്‌പാ പലിശ ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. മിക്ക പൊതുമേഖലാ ബാങ്കുകളും ഇത് നടപ്പാക്കിയിട്ടുമുണ്ട്.
സഹകരണ ബാങ്കുകളെ തകരാൻ അനുവദിക്കില്ല
മുംബയ്: സഹകരണ ബാങ്കുകളുടെ തകർച്ച റിസർവ് ബാങ്ക് ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വായ്‌പാ ക്രമക്കേട് കണ്ടെത്തിയ പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ജോയ് തോമസിനെ റിസർവ് ബാങ്ക് പുറത്താക്കിയിരുന്നു. ബാങ്കിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രതിദിനം പിൻവലിക്കാവുന്ന തുകയ്‌ക്ക് നിയന്ത്രണവും ഏർപ്പെടുത്തി. സഹകരണ ബാങ്കുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാരുമായി ചർച്ച ചെയ്‌ത് മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
(വിശദ വാർത്ത ബിസിനസ് പേജിൽ)