സഹായഹസ്തവുമായി മലബാർ ഗ്രൂപ്പും പി.കെ. സ്‌റ്റീൽസും വി.പി.എസ് ഹെൽത്ത് കെയറും
കോഴിക്കോട്: മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, പി.കെ. സ്‌റ്റീൽസ് ചെയർമാൻ പി.കെ. അഹമ്മദ് സാഹിബ്, വി.പി.എസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.വി.പി. ഷംസീർ എന്നിവരുടെ സഹായഹസ്‌തവുമായി ബി.പി.എൽ വിഭാഗത്തിലെ 120 വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് വിമാനയാത്ര ചെയ്യുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പാസ്‌വേഡ് ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിലായി പ്ളസ് ടുവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും 10 എസ്‌കോർട്ടിംഗ് ടീം അംഗങ്ങളുമാണ് നവംബർ 11ന് ഡൽഹിക്ക് പറക്കുന്നത്.
ഡൽഹി സർവകലാശാല, എയിംസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുത്തബ് മിനാർ, രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, രാഷ്‌ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം തുടങ്ങിയ ചരിത്ര സ്‌മാരകങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ രാഷ്‌ട്രപതി ഉൾപ്പെടെയുള്ളവരുമായി സംവദിക്കും. യാത്ര വിമാനത്തിലാക്കിയാൽ വിദ്യാർത്ഥികൾക്ക് മൂന്നു ദിവസം അധികമായി ഡൽഹിയിൽ ചെലവഴിക്കാനാകുമെന്ന മന്ത്രി കെ.ടി. ജലീലിന്റെ ആശയത്തിന് പിന്തുണയുമായാണ് വിമാനയാത്രയുടെ സ്‌പോൺസർഷിപ്പ് എം.പി. അഹമ്മദ്, പി.കെ. അഹമ്മദ് സാഹിബ്, ഡോ.വി.പി. ഷംസീർ എന്നിവർ ഏറ്റെടുത്തത്.
വിമാനയാത്ര ഒരു സ്വപ്‌നം മാത്രമായിരുന്ന ബി.പി.എൽ വിഭാഗത്തിലെ നല്ലൊരു ശതമാനം ഉയർന്ന അക്കാഡമിക മികവുള്ള വിദ്യാർത്ഥികൾ യാത്രാ സംഘത്തിലുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്‌ടർ ഡോ.എ.ബി. മൊയ്‌തീൻകുട്ടി പറഞ്ഞു.