കോഴിക്കോട്:കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ 2002നും 2016നുമിടയിൽ ഒരേ രീതിയിൽ മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന് ഉറപ്പിച്ച ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം മരിച്ചവരുടെ ബന്ധുവായ ഒരു യുവതിയിലേക്ക് നീളുന്നു. ആറ് പേരും ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മരണങ്ങളെല്ലാം നടക്കുമ്പോൾ യുവതി സ്ഥലത്തുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം നിരസിച്ചതും ഇവരെ പറ്റി സംശയം ശക്തമാക്കിയിട്ടുണ്ട്.
ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകൾ തുറന്ന് ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ചു. ഇത് ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി.
ഏറ്റവുമൊടുവിൽ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറൽ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് കൂടത്തായിയിൽ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയിൽ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചു.
മരണ പരമ്പരയുടെ തുടക്കം
2002ൽ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മയാണ് (57) ആദ്യം മരണമടഞ്ഞത്. ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് എല്ലാവരും ധരിച്ചത്.
2008ൽ ടോം തോമസും (66) 2011ൽ ഇവരുടെ മകൻ റോയി തോമസും (40) മരിച്ചു.
2014ൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവും ഇതേ രീതിയിൽ മരണമടഞ്ഞതോടെ ചിലർ സംശയം പ്രകടിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡ് അകത്ത് ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്ന ധാരണയിൽ അത് മൂടി വയ്ക്കാനാണ് ബന്ധുക്കൾ ശ്രമിച്ചത്. പൊലീസും കൂടുതൽ അന്വേഷണത്തിന് തുനിഞ്ഞില്ല.
2016ൽ ടോം തോമസിന്റെ സഹോദര പുത്രനും അദ്ധ്യാപകനുമായ ഷാജുവിന്റെ മകൾ രണ്ട് വയസുള്ള അൽഫോൻസ് മരിച്ചു.
ആറ് മാസം കഴിഞ്ഞ് ഷാജുവിന്റെ ഭാര്യ സിലിയും (35) മരണമടഞ്ഞു.
വഴിത്തിരിവുകൾ
എല്ലാവരും മരിച്ച ശേഷം റോയിയുടെ വിധവ ജോളിയും ഷാജുവും തമ്മിൽ വിവാഹിതരായി
ടോം തോമസിന്റെ സ്വത്തുക്കൾ തന്റെ പേരിൽ ഒസ്യത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ജോളി എല്ലാവരോടും പറഞ്ഞു
അമേരിക്കയിലായിരുന്ന ടോം തോമസിന്റെ മറ്റൊരു മകൻ റോജോ തോമസ് ഈ വിവരമറിഞ്ഞ് നാട്ടിലെത്തി
ജോളിയുടെ അവകാശ വാദത്തിൽ സംശയം പ്രകടിപ്പിച്ച് റോജോ ആർ.ഡി.ഒയ്‌ക്ക് പരാതി നൽകി
ആർ.ഡി.ഒ നടത്തിയ സിറ്റിംഗിൽ ഒസ്യത്തിന് നിയമസാധുതയില്ലെന്ന് കണ്ടെത്തി
സ്വത്ത് തിരികെ നൽകാൻ ആർ.ഡി.ഒ ഉത്തരവിട്ടു
ദുരൂഹ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് റോജോ പൊലീസിൽ പരാതി നൽകി