
ഭോപ്പാൽ: രാജ്യമെമ്പാടും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികം ആഘോഷിക്കുന്നതിനിടെ മദ്ധ്യപ്രദേശ് റേവ ലക്ഷ്മൺ ബാഗ് മ്യൂസിയം വളപ്പിലെ ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. മന്ദിരത്തിനുള്ളിലെ രാഷ്ട്രപിതാവിന്റെ ചിത്രം പതിച്ച ബോർഡിനു മുകളിൽ മോഷ്ടാക്കൾ 'ദേശദ്രോഹി, രാജ്യദ്രോഹി' എന്നെഴുതിവച്ചു.
ഗാന്ധിജിയുടെ സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ കോൺഗ്രസ് റേവാ ജില്ലാ പ്രസിഡന്റ് ഗുർമീത് സിംഗും അനുയായികളുമാണ് സംഭവം ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ പരാതിയിന്മേൽ അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റവാളികളെ കണ്ടെത്താൻ ഊർജ്ജിതശ്രമം നടത്തുകയാണെന്നും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സി.സി ടിവി പരിശോധിക്കുകയാണെന്നും റേവാ പൊലീസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മ്യൂസിയം പെയിന്റ് ചെയ്തത്. അതേ ചായമാണ് ഗാന്ധി ചിത്രത്തിൽ അപകീർത്തികരമായ വാക്കുകൾ എഴുതാനുപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവത്തെ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയസിംഗ് രംഗത്തെത്തി.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി പ്രതികരിച്ചു.
'അദ്ദേഹം രാഷ്ട്രപിതാവോ മഹാത്മജിയോ ആകണ്ടായിരുന്നു. എന്റെ മുത്തച്ഛൻ മാത്രമായിരുന്നാൽ മതിയായിരുന്നു. എങ്കിൽ അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന് ഇത്തരമൊരു അവസ്ഥയുണ്ടാകില്ലായിരുന്നു' തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.