yechuri-

ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നേരിട്ട ദയനീയ തോൽവിയുടെ കാരണങ്ങളിലൊന്ന് പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കാതിരുന്നതാണെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാർട്ടിയുടെ രാഷ്ട്രീയ ഇടപെടൽ ശേഷിയും കുറഞ്ഞു. 2009 മുതലാണ് ശക്തി കുറഞ്ഞു തുടങ്ങിയത്. പ്ലീനം റിപ്പോർട്ട് നടപ്പാക്കാത്തത് ദയനീയ പ്രകടനത്തിന് കാരണമായിയെന്നും യെച്ചൂരി വ്യക്തമാക്കി. കേന്ദ്രക്കമ്മിറ്റി യോഗ തീരുമാനങ്ങൾവിശദീകരിക്കുന്നതിനിടെയാണ് യെച്ചൂരി സ്വയം ഇക്കാര്യം പറഞ്ഞത്.

പാലായിൽ ഇടതുമുന്നണി നേടിയത് ഗംഭീര വീജയമാണെന്ന് യോഗം വിലയിരുത്തി. ഇടതുമുന്നണിക്കെതിരെയും ഇടതുപക്ഷ സർക്കാരിനെതിരെയും ഉള്ള പ്രചാരണങ്ങൾ അതിജീവിച്ചാണ് എൽ.ഡി.എഫ് പാലായിൽ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി പറഞ്ഞു. മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കും. ഇതിനായി ജനാധിപത്യ പാർട്ടികളുമായി ചേർന്ന് മത്സരിക്കും. ആരും എതിരഭിപ്രായം പറയരുതെന്ന സന്ദേശം പരത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തതെന്നും യെച്ചൂരി പറഞ്ഞു.