അങ്ങനെ താൻ ആദ്യമായി നിർമ്മാതാവാകുന്ന സിനിമയുടെ സർപ്രൈസിന്റെ ആദ്യ പെട്ടി പൊട്ടിച്ച് ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം 'വേ ഫയറർ ഫിലിംസ് ' എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേരും ലോഗോയും പുറത്തു വിട്ടത്തിന്റെ ചൂടാറും മുമ്പാണ് ദുൽഖറിന്റെ അടുത്ത സർപ്രൈസ്. ദുൽഖർ സൽമാൻ നിർമിക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ "മണിയറയിലെ അശോകൻ" എന്നാണെന്നും ഒരു കൂട്ടം പുതുമുഖങ്ങൾ അണിയറയിലുണ്ടെന്നും ദുൽഖർ അറിയിച്ചു.
സിനിമയുടെ ടൈറ്റിൽ പോസ്റ്ററിലൂടെയാണ് പേര് വ്യക്തമായത്. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നേരത്തെ പരന്നിരുന്നു. ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചാണ് ദുൽഖറിന്റെ ആദ്യം ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ഒരു പറ്റം പുതുമുഖങ്ങളുമായി സെക്കന്റ് ഷോയിലൂടെയുള്ള ദുൽഖർ സൽമാന്റെ അരങ്ങേറ്റത്തിന് സമാനമായാണ് ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന സിനിമയും പുറത്ത് വരുന്നത്.
സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങൾ ആണ് എന്നതാണ് പ്രതേകത. നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു.എൻ. ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണയിലുണ്ട്.