വിശാഖപട്ടണത്ത് ആഫ്രിക്കൻ ചെറുത്ത് നില്പ്
എൽഗാറിനും ഡി കോക്കിനും സെഞ്ച്വറി
ആർ.അശ്വിന് 5 വിക്കറ്റ്
വിശാഖപട്ടണം: ഇന്ത്യയ്ക്കെതരായ ഒന്നാം ക്രിക്കറ്ര് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ കൂറ്രൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 502/7 ഡിക്ലയേർഡിനെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 385/8 എന്ന നിലയിലാണ്. 39/3 എന്ന വിഷമകരമായ ഘട്ടത്തിൽ നിന്ന് മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഓപ്പണർ ഡീൻ എൽഗാറിന്റെയും (160), വിക്കറ്റ് കീപ്പർ ഡി കോക്കിന്റെയും (111) സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഫോളോ ഓൺ ഒഴിവാക്കി ചെറുത്ത് നില്പ് നടത്തുന്നത്.
2 വിക്കറ്ര് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനെക്കാൾ 117 റൺസ് പിന്നിലാണ് സന്ദർശകർ. ഇന്ത്യയ്ക്കായി ആർ.അശ്വിൻ 5 വിക്കറ്റ് വീഴ്‌ത്തി. ജഡേജ രണ്ട് വിക്കറ്റെടുത്തു. ടെസ്റ്രിൽ വേഗത്തിൽ 200വിക്കറ്റ് നേടുന്ന ഇടംകൈയൻ സ്പിന്നർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി.
എൽഗാറും ബവുവമയും (18) ചേർന്നാണ് ഇന്നലെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 64ൽ എത്തിയപ്പോൾ ബവുമയെ ഇഷാന്ത് എൽബിയിൽ കുരുക്കി. തുടർന്നെത്തിയ നായകൻ ഡുപ്ലെസിസ് (55) എൽഗാറിനൊപ്പം ക്ഷമയോടെ പിടിച്ച് നിന്ന് ദക്ഷിണാഫ്രിക്കയെ 150 കടത്തി. ടീം സ്കോർ 178ൽ വച്ച് ഡുപ്ലെസിസിനെ പുജാരയുടെ കൈയിൽ എത്തിച്ച് അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടാണ് ഡി കോക്കും എൽഗാറും ക്രീസിൽ ഒത്തുചേർന്ന് ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തിയത്. ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 164 റൺസാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 342ൽ വച്ചാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. എൽഗാറിനെ പുജാരയുടെ കൈയിൽ എത്തിച്ച് ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 287 പന്ത് നേരിട്ട് 18 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് എൽഗാറിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ ഡി കോക്കിനെ അശ്വിൻ ക്ലീൻബൗൾഡാക്കി. 163 പന്തിൽ 16 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ഡി കോക്കിന്റെ സെഞ്ച്വറി ഇന്നിംഗ്സ്. ഫിലാണ്ടറിനെ (0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ അശ്വിൻ തന്നെ ക്ലീൻബൗൾഡാക്കി. 12 റൺസുമായി മുത്തുസ്വാമിയും 3 റൺസെടുത്ത മഹാരാജുമാണ് സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.