തൃശൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഉയർന്ന ആരോപണത്തിന്റെ സത്യസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചെയർമാനായ കിയാലിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് രേഖസഹിതമുള്ള ആക്ഷേപം. ഈ രേഖ വ്യാജമാണെങ്കിൽ അത് ചമച്ചവർക്കെതിരെ നടപടിയെടുക്കണം. കിയാലിൽ ആഡിറ്റ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നിൽ എന്തൊക്കെയോ മൂടിവയ്ക്കാനുണ്ട്. മുൻ മന്ത്രി ഷിബു ബേബി ജോൺ ആണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടപെടലിന് തെളിവുണ്ടെന്ന് പറയുന്നത്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.