adoor-gopalakrishnan
adoor gopalakrishnan

തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് തീവ്രവാദം ആരംഭിച്ചത് ഗാന്ധിജിയെ വെടിവച്ചു കൊന്ന ഗോഡ്സേ എന്ന ഹിന്ദു തീവ്രവാദിയിലൂടെയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ഘാതകനെ ദേശസ്‌നേഹിയായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുകയാണ് ഒരുകൂട്ടർ. ഗാന്ധിജിയുടെ ചിത്രത്തിൽ വെടിവച്ച് ആ ദൃശ്യം പ്രചരിപ്പിച്ച സ്ത്രീയെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്നാണ് നാം കരുതിയത്. എന്നാൽ അവരെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് എം.പിയാക്കി. കുറേ വർഷങ്ങളായി മനുഷ്യരാശി നേരിടുന്ന ഒരു പ്രശ്നം ഇസ്ലാമിന്റെ പേരിൽ നടക്കുന്ന ഭീകരാക്രമണങ്ങളാണ്. ഇസ്ലാമിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തുന്നവർ ശരിയായ ഇസ്ലാമല്ല. ചെറിയൊരു ശതമാനം ആളുകൾ കാരണം ബഹുഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികൾ സമൂഹത്തിൽ അവിശ്വസിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് ചന്ദ്രനിലോട്ട് പോകാൻ പറഞ്ഞവർ ഇനി ബീഹാർ

ജയിലേക്ക് പോകാൻ പറയുമായിരിക്കുമെന്ന് അടൂർ ഇന്നലെ മാദ്ധ്യമങ്ങളോടും പ്രതികരിച്ചു. ഗാന്ധിയുടെ ചിത്രത്തിൽ വെടിവച്ചവരും ഗോഡ്സയെ ദൈവമെന്ന് പറഞ്ഞവരും എം.പിമാരായി. മാന്യമായി പ്രതികരിക്കുന്നവർ രാജ്യദ്രോഹികളാകുന്നത് ആശങ്കാജനകമാണ്. പ്രധാനമന്ത്രിക്കയച്ച കത്തിൽ ഒപ്പിട്ടവർ ആരും രാഷ്ട്രീയക്കാരല്ല. ധിക്കാരപരമായി അല്ല, വളരെ വിനീതമായാണ് കത്ത് എഴുതിയതിയത്.

രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അർത്ഥത്തിൽ അതിനെ മനസിലാക്കി പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അതിശയം. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചു പോകുന്നതുമായ നടപടിയാണ്- അടൂർ പറഞ്ഞു