1. സി.പി.എമ്മില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കാന്‍ ആലോചന. പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ യുവാക്കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പുതിയ നീക്കം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാത്ത പശ്ചിമ ബംഗാള്‍ ശൈലിയാണ് ചര്‍ച്ചയായത്. ഈ മോഡല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടു വരാന്‍ ആണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഉയര്‍ന്ന പ്രായപരിധി 80 വയസ്സായി നിശ്ചയിക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
2. സുപ്രീം കോടതി നിശ്ചയിച്ച നഷ്ട പരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത് ആഴ്ച തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രക്രിയ പൂര്‍ത്തികരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് എന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍. എന്നാല്‍ മരടിലെ എല്ലാ ഫ്ളാറ്റുടമകള്‍ക്കും സുപ്രീംകോടതി നിര്‍ദേശിച്ച 25 ലക്ഷം കിട്ടില്ല. മരടിലെ ഫ്ളാറ്റുകളുടെ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവരുടെ നഷ്ടപരിഹാരം ലഭിക്കാന്‍ തടസങ്ങള്‍. നഷ്ടപരിഹാര തുക തീരുമാനിക്കുക എല്ലാവരേയും കേട്ട ശേഷമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍.
3. 25 ലക്ഷം വരെയുള്ള നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ സമിതി തീരുമാനം എടുക്കും. ഇതിന് മുകളില്‍ നഷ്ടം വന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യും. കമ്മിറ്റിയുടെ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അറിയിച്ചു. മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാന്‍ ശേഷിക്കുന്നത് 29 കുടുംബങ്ങള്‍ ആണ്. ഉടമസ്ഥര്‍ ആരെന്ന് അറിയാത്ത 50 ഫ്ളാറ്റുകളും മരടില്‍ ഉണ്ട്. ഉടമസ്ഥര്‍ നേരിട്ട് എത്തിയില്ലെങ്കില്‍ റവന്യൂ വകുപ്പ് ഫ്ളാറ്റുകള്‍ നേരിട്ട് ഒഴിപ്പിക്കും. ഫ്ളാറ്റുകള്‍ ഒഴിഞ്ഞ ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫ്ളാറ്റ് ഒഴിഞ്ഞതിന്റെ രേഖകള്‍ കൈപറ്റണം എന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
4. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്ളാറ്റ് വിട്ട് പോകണം എന്നായിരുന്നു ഉത്തരവ് എങ്കിലും വീട്ടുപകരണം മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുക ആയിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തി ആക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കും എന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്ളാറ്റുകളിലും 20 വോളണ്ടിയര്‍മാരെ ആണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും വിന്യസിച്ചു.
5. റിപ്പോ നിരക്കില്‍ .25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 135 ബേസിക് പൊയിന്റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവ് ഉണ്ടായേക്കും. രജ്യം ഇപ്പോള്‍ നേരിടുന്ന വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ബാങ്കിന്റെ ഈ നടപടി.
6. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആര്‍.ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ മുടങ്ങി. കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ന് റദ്ദാക്കിയത് 751 ബസുകള്‍. ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയോഗിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. ഇന്നലെ 580 സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു
7. തുടര്‍ച്ച ആയി 179 ദിവസം ജോലിയില്‍ ഉണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചു വിട്ടിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ തടസ്സ പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസ വേതന അടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു. ഇതിന് എതിരെ പി.എസ്.സി ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
8. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുള്‍പ്പെടെ ആറുപേരുടെ ദുരൂഹ മരണങ്ങളും ആസൂത്രിത കൊലപാതകം ആണെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്. മൃതദേഹങ്ങളില്‍ നിന്നും പല്ലുകളും എല്ലുകളും ശേഖരിച്ച് ക്രൈംബ്രാഞ്ച് രാസ പരിശോധനയ്ക്ക് അയച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ തുറന്നാണ് ക്രൈംബ്രാഞ്ച് ഇവ ശേഖരിച്ചത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരാണ് മൃതദേഹങ്ങള്‍ പരിശോധിച്ചത്. മൃതദേഹവശിഷ്ടങ്ങള്‍ കല്ലറകളില്‍ തന്നെ മറവു ചെയ്യുകയും ചെയ്തു
9. മരിച്ച ആറ് പേരില്‍ ഒരാളായ റോയ് എന്ന യുവാവിന്റെ മരണം കൊലപാതകം ആണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു കഴിഞ്ഞു. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് മരിച്ചത്. മാത്രമല്ല, മരിക്കുന്നതിന് തൊട്ടുമുന്‍പ് ആറ് പേരും ഭക്ഷണം കഴിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. മരിച്ച റോയിയുടെ ശരീരത്ത് എങ്ങനെ സയനൈഡ് വന്നു എന്നത് ഉള്‍പ്പടെ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.