nivya

പാലാ: പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 63മത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 198 പോയിന്റോടെ എറണാകുളം ജില്ല മുന്നിൽ. 187 പോയിന്റോടെ പാലാക്കാട് തൊട്ടുപിന്നിലുണ്ട്. 127 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം 122 പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്.

ഇന്നലെ നാലു മീറ്റ് റെക്കാഡുകൾ പിറന്നു. ത്രെയാത്തലനിൽ അണ്ടർ 14 ഗേൾസ് വിഭാഗത്തിൽ തൃശൂരിലെ ജെൻസി ട്രീസാ റെജി 1545 പോയിന്റോടെ പുതിയ മീറ്റ് റെക്കാഡ് സ്വന്തമാക്കി. ഹാമർത്രോയിൽ അണ്ടർ 18 ഗേൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി 55.35 മീറ്റർ എറിഞ്ഞ് പുതിയ റെക്കാഡിട്ടു. പോൾവോൾട്ടിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തിന്റെ നിവ്യാ ആന്റണി റെക്കാഡ് നേടി. 10,000 മീറ്റർ നടത്തത്തിൽ അണ്ടർ 20 ആൺകുട്ടികളിൽ എറണാകുളത്തിന്റെ വി.കെ.അഭിജിത്ത് 46 മിനിറ്റ് 9.32 സെക്കന്റ് സമയം കുറിച്ച് പുതിയ മീറ്റ് റെക്കാഡ് സ്വന്തം പേരിലാക്കി. പോൾ വോൾട്ടിൽ അണ്ടർ 20 ആൺകുട്ടികളിൽ എറണാകുളത്തിന്റെ എ.കെ.സിദ്ധാർഥാണ് പുതിയ മീറ്റ് റെക്കാഡ് സ്ഥാപിച്ചത്. അണ്ടർ 20 ആൺകുട്ടികളുടെ 4-100 മീറ്റർ റിലേയിൽ 42.59 സെക്കൻഡ് സമയത്തിൽ ഓടിയെത്തി തിരുവനന്തപുരം റെക്കാഡ് പുസ്തകത്തിൽ ഇടം നേടി.

സംഘാടകർക്കെതിരെ കേസെടുത്തു

വോളണ്ടിയറുടെ തലയിൽ ഹാമർ ത്രോ വീണ സംഭവത്തിൽ ജൂനിയർ അത്‌ലറ്റിക് മീറ്ര് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്രകരമായ അനാസ്ഥയ്ക്ക് 338-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഴുവൻ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചേ മത്സരം നടത്താവൂവെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസ് അന്വേഷണമാരംഭിച്ചു. മത്സരാർത്ഥികൾ,​ ദൃക്സാക്ഷികൾ,​ അഫീലിനൊപ്പമുണ്ടായിരുന്ന വോളണ്ടിയർ എന്നിവരിൽ നിന്ന് പൊലീസ് തെളിവ് ശേഖരിക്കും.