ന്യൂഡൽഹി: ഒന്നൊഴികെ ഇന്ത്യയുടെ മറ്റെല്ലാ അയൽപ്പക്കങ്ങളും പ്രാദേശിക സഹകരണത്തിന്റെ നല്ല കഥകൾ പങ്കുവയ്ക്കുന്നവയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പാകിസ്ഥാനെക്കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡൽഹിയിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗ് ബ്രൻഡേയുമായി നടത്തിയ സംഭാഷണത്തിൽ അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
ഒരു നാൾ പ്രാദേശിക സഹകരണത്തിനുള്ളിൽ ആ രാജ്യവും എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നടത്തിയ അമേരിക്കൻ സന്ദർശന വേളയിലും കാശ്മീരിൽ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു. കാശ്മീർ വിഷയത്തെക്കുറിച്ച് സമഗ്രമായി തന്നെയാണ് താൻ യു.എസിലും സംസാരിച്ചത്.
എന്തുകൊണ്ടാണ് ഇന്ത്യ അപ്രകാരം ചെയ്തതെന്നും എന്താണ് ചെയ്തതെന്നും വിശദമാക്കി. അതെല്ലാം തന്നെ പലർക്കും പുതിയ അറിവായിരുന്നു. അനുച്ഛേദം 370 താത്കാലികം മാത്രമായിരുന്നുവെന്നും ഭരണഘടനയിലെ പല നിയമങ്ങളും കാശ്മീരിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മിക്കവർക്കും അറിവില്ലായിരുന്നു. ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഉടമ്പടി അത്ര എളുപ്പമല്ലെന്നും സങ്കീർണമാണെന്നുമായിരുന്നു ജയശങ്കർ പറഞ്ഞത്. ഇന്ത്യൻ ഉപഭൂഖണ്ഡം ഏറ്റവും കുറവായി പ്രാദേശികവത്കരിക്കപ്പെട്ട സമ്പദ്വ്യവസ്ഥകളിലൊന്നാണ്. ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നത്. എന്നാൽ, 2014ൽ സത്യപ്രതിഞ്ജ ചടങ്ങിൽ അദ്ദേഹം അയൽരാജ്യങ്ങളെ ക്ഷണിച്ചപ്പോൾ നിങ്ങൾ അതിൽ രാഷ്ട്രീയമാണ് കണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് ഇക്കണോമിക് ഫോറവും കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ചേർന്ന് നടത്തിയ ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്.