ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26 ന് ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ പ്രൊമോഷണൽ വീഡിയോ വ്യോമസേന പുറത്തുവിട്ടു.

വ്യോമസേനാ ദിനത്തിന് ( ഒക്‌ടോബർ 8 ) മുന്നോടിയായി വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബാലാക്കോട്ടിൽ നടത്തിയ മിന്നലാക്രമണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളല്ല വീഡിയോയിൽ ഉള്ളത്.

പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സേന എങ്ങനെയാണ് തിരിച്ചടി നൽകിയത് എന്ന് വിശദീകരിക്കുന്ന ശബ്ദരേഖ വീഡിയോയിൽ കേൾക്കാം. മിറാഷ് 2000 വിമാനങ്ങൾ പറന്നുയരുന്നതും ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ റഡാർ സൂം ചെയ്യുന്നതും ഒരു സ്പോടനവും പ്രൊമൊ വീഡിയോയിൽ കാണാം.

സൈനികർ ബ്രീഫിംഗ് റൂമിൽ ചർച്ച നടത്തുന്നതും,​ യുദ്ധവിമാനങ്ങൾ ആക്രമണങ്ങൾക്കായി പുറപ്പെടുന്നതും, മിസൈലുകൾ വിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ബാലാക്കോട്ട് ആക്രമണം നടത്താൻ ഉപയോഗിച്ച മിറാഷ് വിമാനങ്ങൾ ഇന്ത്യയിലെ വിവിധ വ്യോമത്താവളങ്ങളിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതും , മിഗ് 21 പോർ വിമാനങ്ങളും കാണിക്കുന്നു. 27ന് പാക് പോർ വിമാനവും ഇന്ത്യൻ പോർ വിമാനവും ( അഭിനന്ദൻ വർദ്ധമാൻ പറത്തിയ വിമാനമാകാം ) ആകാശത്ത് നടത്തിയ ഡോഗ് ഫൈറ്റും, ഇന്ത്യൻ സൈനികരുടെ ആഹ്ലാദവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.