k-muraleedhran-

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രചാരണത്തിന് കോൺഗ്രസ് നേതാക്കൾ സജീവല്ലെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ പരാതിക്ക് പരിഹാരമാകുന്നു. പ്രചാരണത്തിന് കെ മുരളീധരൻ നേതൃത്വം നൽകുമെന്നും എല്ലാ നേതാക്കളുമെത്തുെമന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. നാളെ മുതൽ പ്രചാരണത്തിനിറങ്ങുമെന്ന് ശശി തരൂരും പ്രതികരിച്ചു.

സ്ഥാനാര്‍ഥി നിർണയം മുതൽ ഇടഞ്ഞുനിൽക്കുന്ന കെ മുരളീധരനേയും ശശി തരൂരിനേയും ലക്ഷ്യമിട്ടായിരുന്നു മോഹൻകുമാർ പരാതി ഉന്നയിച്ചത്. എന്നാൽ ആക്ഷേപം തള്ളിയ മുല്ലപ്പള്ളി വരും ദിവസങ്ങളിൽ നേതാക്കൾ സജീവമാകുമെന്ന് പ്രതികരിച്ചു.

അതേസമയം താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിന് എത്തിയില്ലെന്ന് കെ മുരളീധരൻ മോഹൻകുമാറിന് മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഞാനും ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയത്. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ പ്രചാരണം മുടങ്ങില്ല. എം.പിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ വട്ടിയൂർക്കാവിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

തന്റെ അഭാവം വിഷയമായതിൽ ‍ഞെട്ടല്‍ രേഖപ്പെടുത്തിയായിരുന്നു തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം. പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷനായി ഡൽഹിയിലായിരുന്നു. പ്രചാരണരംഗത്ത് നാളെ മുതൽ സജീവമാകും. മോഹൻകുമാറിനെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നും തരൂർ കുറിച്ചു. പാര്‍ട്ടി സംവിധാനം മുഴുവനിറക്കി വി.കെ.പ്രശാന്ത് പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് പിന്നിലാണ്. ശശിതരൂര്‍ പ്രചാരണത്തിനെത്താത്തത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഇതോടെയാണ് മോഹന്‍കുമാര്‍ അതൃപ്തി പരസ്യമാക്കിയത്.