ന്യൂഡൽഹി കാശ്മീരിൽ ജിഹാദിന് ആഹ്വാനം ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇമ്രാൻഖാന്റെ പ്രസ്താവന സാധാരണ നിലയിലുള്ളതല്ലെന്നും അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. അമേരിക്കയിൽ യു..എൻ.. പൊതുസഭയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവന.
കാശ്മീരി ജനതയ്ക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് ജിഹാദാണെന്നും. ലോകം ഒപ്പം നിന്നില്ലെങ്കിലും പാകിസ്ഥാൻ കാശ്മീരികളെ പിന്തുണയ്ക്കുമെന്നുമായിരുന്നു ഇമ്രാൻഖാന്റെ പ്രസ്താവന. ഇത് ജിഹാദാണ്, നമ്മൾ ഇത് ചെയ്യും, കാരണം അള്ളാഹു നമ്മളോടെന്നും സന്തുഷ്ടനായിരിക്കണമെന്നുമാണ് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ഇമ്രാൻഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഒരു അയൽരാജ്യം പെരുമാറേണ്ടതുപോലയല്ല ഒരിക്കലും പാകിസ്ഥാൻ ചെയ്യുന്നത്. ജിഹാദിനായുള്ള ഈ ആഹ്വാനം ഗൗരവമായി വേണം കാണാനെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. നിരുത്തരവാദപരവും പ്രകോപനം സൃഷ്ടിക്കുന്നതുമാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും രവീഷ് കുമാർ കുറ്റപ്പെടുത്തി. രാജ്യാന്തര ബന്ധങ്ങൾ എങ്ങനെ നിലനിറുത്തണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നാണ് താൻ കരുതുന്നതെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.