തിരുവനന്തപുരം: നടൻ മധുവിന്റെ അന്തരിച്ചെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധുവിന്റെ മകൾ ഉമ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം.
വ്യാഴാഴ്ചയും ഇന്നലേയുമായിട്ടാണ് നടൻ മധു അന്തരിച്ചുവെന്ന രീതിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് ഫോട്ടോ വച്ച കുറിപ്പുകൾ പ്രചരിച്ചത്. ഇത് കിട്ടിയവരിൽ മിക്കവരും ഒരു പുനരാലോചനയുമില്ലാതെ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച തന്നെ മധുവിന്റെ വീട്ടിലേക്ക് ഇതു സംബന്ധിച്ച് ചിലർ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ വൈകിട്ടായതോടെ കാര്യങ്ങൾ കൈവിട്ടതുപോലെയായി. അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലെ വസതിയിൽ ജനക്കൂട്ടം വന്നു നിറഞ്ഞു. പോരാത്തതിന് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ നിന്നും പൊലീസും എത്തി. ഇവരുടെയൊക്കെ മുന്നിൽ സാക്ഷാൽ മധു ചിരിച്ചുകൊണ്ടു ചെന്നതോടെ അവരെല്ലാം സന്തോഷത്തോടെ മടങ്ങി.
ഇന്നലെ രാവിലെയും വാട്സ്ആപ്പ് പ്രചരണം തുടർന്നു. ഫോൺ വിളിച്ചുള്ള അന്വേഷണവും കൂടി. അതോടെയാണ് പൊലീസിനു പരാതി നൽകാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. ഇതാദ്യമായല്ല സെലിബ്രിറ്റികളുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെ പല താരങ്ങളും വളരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് രംഗത്തുവന്നവരും ഇക്കൂട്ടത്തിലുണ്ട്. ദൂരദർശനിൽ മധുവിന് ആദരവ് എന്നെഴുതി കാണിച്ചുകൊണ്ട് പഴയ സിനിമകൾ കാണിക്കുന്നുണ്ട്. അത് കണ്ടവരാരോആണ് ആദരവിന് ആദരാഞ്ജലിയാക്കി മാറ്റിയത്.
''വ്യാജവാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി.''- മധു.