കൊച്ചി : ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ നടൻ മോഹൻലാലിന് വനം വകുപ്പ് അനുമതി നൽകിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി പൗലോസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഇക്കാര്യം അറിയിച്ചത്. ഹർജി ഒക്ടോബർ 15 ന് വീണ്ടും പരിഗണിക്കും.നേരത്തെ ഹർജികൾ പരിഗണിച്ചപ്പോൾ പെരുമ്പാവൂർ കോടതിയിലുള്ള കേസിൽ തീർപ്പുണ്ടാക്കാൻ ഉചിതമായ കുറ്റപത്രം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
മോഹൻലാലിന് മറ്റു പ്രതികൾ ആനക്കൊമ്പുകൾ നൽകിയതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തൃശൂർ സ്വദേശി പി.എൻ കൃഷ്ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണൻ എന്നിവരാണ് മറ്റു പ്രതികൾ.
2011 ന് മോഹൻലാലിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതരാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളിൽ രണ്ടെണ്ണം പി.എൻ. കൃഷ്ണകുമാർ മോഹൻലാലിന്റെ വസതിയിലെ ആർട്ട് ഗ്യാലറിയിൽ സൂക്ഷിക്കാനായി 1988 ൽ നൽകിയതാണെന്ന് കണ്ടെത്തി. നളിനിയിൽ നിന്ന് പണം നൽകി വാങ്ങിയ ആനക്കൊമ്പുകൾ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാർ മോഹൻലാലിന് കൈമാറിയെന്നും തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഇവ കൊച്ചിയിലെ വസതിയിലേക്ക് മാറ്റാൻ വനം വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
2011 ഡിസംബർ 21 ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ വനം വകുപ്പ് അനുമതി നൽകിയത്. തുടർന്ന് കുറ്റപത്രം നൽകിയിരുന്നില്ല. പിന്നീടാണ് ഇത്തരത്തിൽ അനുമതി നൽകിയതു ചോദ്യം ചെയ്ത് പൗലോസ് ഉൾപ്പെടെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.