ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ട്രാൻസി'ന്റെ പുതുപുത്തൻ പോസ്റ്റർ പുറത്തുവന്നു. ഫഹദിന്റെ വ്യത്യസ്ത ലുക്കിലുള്ള പല ചിത്രങ്ങളാണ് പുതിയ പോസ്റ്ററിൽ ചേര്‍ത്തിട്ടുള്ളത്. പോസ്റ്ററിൽ ഫഹദ് ഓടുന്നതും ചാടുന്നതും പറക്കുന്നതുമൊക്കെയുണ്ട്. ട്രാൻസിന്റെ ഫസ്റ്റ്‍ലുക്ക് പുറത്തുവിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ പുതിയ പോസ്റ്റർ.
ഒരു ത്രീഡി പോസ്റ്ററാണെന്ന് ഒറ്റ നോട്ടത്തിൽ പോസ്റ്റർ കണ്ടാൽ തോന്നാം. ചിത്രത്തിന്റെ അണിയറയിൽ തന്നെ പ്രഗത്ഭരായ വ്യക്തികളാണ് ഉള്ളതെന്നത് വൻ പ്രതീക്ഷയാണ് നൽകുന്നത്. നസ്രിയയാണ് ചിത്രത്തിലെ നായിക, ഫഹദും നസ്രിയയും വിവാഹിതരായ ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഇരുവരും മുൻപ് ഒന്നിച്ചഭിനയിച്ചത് ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലായിരുന്നു. അതിനുശേഷമായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം ഇരുവരും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അമൽ നീരദാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. വിൻസെന്റ് വടക്കൻ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. 2019 ഡിസംബറോടെയാണ് ട്രാൻസ് തീയേറ്ററുകളിലെത്തുമെന്നാണ് സൂചന