salwa

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 400 മീറ്ററിൽ ബഹ്റൈന്റെ സൽവ ഇദ് നാസർ റെക്കാഡ് വേഗത്തിൽ സ്വർണം സ്വന്തമാക്കി. 48.14 സെക്കൻഡിലാണ് സൽവയുടെ സുവർണ ഫിനിഷ്. 400 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഏഷ്യൻ വനിതാ താരമാണ് സൽവ. ഒളിമ്പിക് ചാമ്പ്യൻ ഷൗനെ മില്ലർ ഉയിബോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൽവ സ്വർണത്തിലേക്ക് ഓടിയെത്തിയത്. ജമൈക്കിയുടെ ഷെറിക്ക ജാക്സൺ പേഴ്സണൽ ബെസ്റ്റ് ടൈമായ 49.47 സെക്കൻഡിൽ വെങ്കലം നേടി.

400 മീറ്ററിൽ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ സമയമാണ് സൽവ ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്രേഡിയത്തിൽ കഴിഞ്ഞ ദിവസം കുറിച്ചത്.

അമേരിക്ക പറക്കുന്നു

ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അമേരിക്ക കുതിക്കുകയാണ്. 8 വീതം സ്വർണവും വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ 18 മെഡലുകൾ അമേരിക്കയുടെ അക്കൗണ്ടിൽ എത്തിക്കഴിഞ്ഞു. 3 വീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയ ചൈന രണ്ടാമതും 2 സ്വർണവും 3 വെള്ളയും 1 വെങ്കലവുമുൾപ്പെടെ 6 മെഡലുകളുമായി ജമൈക്ക മൂന്നാമതുമുണ്ട്.