pmc-bank-

മുംബയ് : പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളിയായ ജോയ് തോമസ് അറസ്റ്റിലായി. 6500 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറായ ജോയ് തോമസിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് ജോയ് തോമസിനെതിരായ കേസ്.


പഞ്ചാബ് - മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ബാങ്കില്‍ നിന്നും വായ്പയെടുത്ത ഹൗസിങ് ഡവലപ്പ്‌മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ സീനിയർ ര്‍ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ബാങ്കിന്റെ മുൻ ചെയർമാൻ, എച്ച്.ഡി.ഐ.എല്ലിന്റെ പ്രോമോട്ടർമാര്‍ എന്നിവരുമായി ബന്ധമുളള മുംബയിലെയും അടുത്തപ്രദേശങ്ങളിലെയും ആറുസ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരച്ചിൽ നടത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി.

6500 കോടി രൂപ റിയൽഎസ്റ്റേറ്റ് കമ്പനിയായ എച്ച്.ഡി.എല്ലിന് പി.എം.സി വായ്പ നല്‍കിയിരുന്നു. ഇവരുടെ കിട്ടാക്കടം മറച്ചുവെക്കാനാണ് 20000ലേറെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടത്തിയത്. കമ്പനിക്ക് വായ്പ നല്‍കിയ കാര്യം പഞ്ചാബ്- മഹാരാഷ്ട്ര ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതെയായിരുന്നു തട്ടിപ്പ് നടത്തിയത്.