തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളും ബൊമ്മക്കൊലുവും തമ്മിലുള്ളത് അഭേദ്യമായൊരു ബന്ധമാണ്. ഹിന്ദുപുരാണങ്ങളിലെ ദേവീദേവന്മാരെയും ഗുരുകാരണവന്മാരെയും വിഗ്രഹങ്ങളും പാവകളുമായി അണിയിച്ചൊരുക്കി വിവിധ തട്ടുകളിൽ ഭക്തിപൂർവം നിരത്തുന്ന ഈ ആചാരരീതി തമിഴ് ബ്രാഹ്മണസമൂഹമാണ് പ്രധാനമായും ചെയ്തുവന്നിരുന്നതെങ്കിലും മറ്റ് വിശ്വാസികളും ഇപ്പോൾ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. ഇതിനാവശ്യമായ സാധനങ്ങളെല്ലാം നിരത്തി കാത്തിരിക്കുകയാണ് ചാല ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങൾ.
തടിയിലോ ലോഹങ്ങളിലോ നിർമിച്ച തട്ടുകളിലാണ് കൊലു ഒരുക്കുന്നത്. 3, 5, 7, 9 എന്നീ ഒറ്റ അക്കത്തിലാണ് തട്ടിന്റെ ക്രമീകരണം. നവരാത്രി പൂജ ഒൻപത് ദിവസങ്ങളുടെ പൂജ ആയതിനാൽ കൊലു തട്ടുകൾക്കും ഒൻപത് തട്ടുകളൊരുക്കുന്നവരാണധികവും. ഇവയിൽ ആദ്യ കൊലുപ്പടി എന്നത് ഏറ്റവും ഉയരത്തിലുള്ള തട്ടാണ്. ഇതിൽ കലശപൂജയ്ക്കുള്ള കലശമാണ് സ്ഥാപിക്കുന്നത്. കലശം പ്രതിനിധീകരിക്കുന്നത് ദുർഗാദേവിയെയാണ്. വെള്ളി, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടു നിർമ്മിച്ച കുടത്തിൽ ജലംനിറച്ച് തേങ്ങ ഉപയോഗിച്ച് കുടംമൂടി മാവിലകൊണ്ട് അലങ്കരിച്ചാണ് കലശം ഒരുക്കുക. കലശത്തോടൊപ്പം ആദ്യപടിയിൽ ദുർഗാദേവിയുടെയും സരസ്വതീദേവിയുടെയും ലക്ഷ്മീദേവിയുടെയും കൊലുക്കളും, മറ്റുപടികളിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഗണപതി, മുരുകൻ, സമൂഹാചാര്യൻമാരായ രാഘവേന്ദ്ര ഗുരുക്കൾ തുടങ്ങിയവരുടെ കൊലുക്കളുമാണ് സ്ഥാപിക്കുന്നത്.
ഒൻപതു ദിവസവും സന്ധ്യയ്ക്ക് വിവിധതരം പലഹാരങ്ങൾ നിവേദ്യങ്ങളായി തയ്യാറാക്കി പ്രത്യേക പൂജകളും ഉണ്ടാകും. പൂജകൾക്കുശേഷം നിവേദ്യം അയൽപക്കത്തെ കുട്ടികൾക്കു വിതരണം ചെയ്യും. ഈ നിവേദ്യത്തെ പണ്ടം എന്നാണ് പറയുന്നത്. നവരാത്രി ദിവസങ്ങളിൽ സന്ധ്യയ്ക്കു കുട്ടികൾ പണ്ടം വാങ്ങാൻ പോകുന്നത് അഗ്രഹാരങ്ങളിലെ പതിവുകാഴ്ചയാണ്. ഈ ദിവസങ്ങളിൽ അയൽപക്കത്തെ സ്ത്രീകളെ വീടുകളിലേക്ക് കൊലു കാണാൻ ക്ഷണിച്ച് വെറ്റയും പാക്കും നൽകി സ്വീകരിച്ച് വസ്ത്രവും പലഹാരവും നൽകിവരുന്ന രീതിയും ഉണ്ട്.