തിരുവനന്തപുരം: നവരാത്രി ആഘോഷം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലേക്ക് കടന്നതോടെ ദേവാലയങ്ങളിൽ തിരക്കേറി. നവരാത്രി ഉത്സവം നടക്കുന്ന ദേവീക്ഷേത്രങ്ങളിൽ വൈകിട്ട് ദർശനത്തിനെത്തുന്നവർ നൃത്ത, സംഗീത പരിപാടികളും ആസ്വദിച്ചാണ് മടങ്ങുന്നത്.
സെപ്തംബർ 29ന് ആരംഭിച്ച ആഘോഷപരിപാടികൾക്ക് വിജയദശമി ദിവസമായ എട്ടിന് വിദ്യാരംഭം നടക്കുന്നതോടെ സമാപനമാകും. നാളെയാണ് ദുർഗാഷ്ടമി. മറ്റന്നാൾ മഹാനവമിയും. അഹംഭാവവും നിഷേധവും വെടിഞ്ഞ് അറിവിലൂടെ പുതിയ വെളിച്ചം തേടുന്ന ഉത്സവമാണ് നവരാത്രി. അജ്ഞതാന്ധകാരത്തിൽ ജ്ഞാനത്തിൻ പ്രഭയും നിത്യമുക്തിയും പ്രദാനം ചെയ്തു തിന്മയ്ക്കുമേൽ നന്മയുടെ വിജയസൂചകമായി ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കായാണ് നവരാത്രി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. ആദ്യ മൂന്നുദിവസങ്ങളിൽ ദുർഗയെയും പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ ലക്ഷ്മിയെയും അവസാന മൂന്നുദിവസം സരസ്വതിയെയുമാണ് ഉപാസിക്കുക. വിശ്വമാതാവിന്റെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്ന പതിവും ഉണ്ട്. ഒൻപതു ദിനരാത്രങ്ങളിൽ ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മീയചൈതന്യത്തെ ഉണർത്തുവാൻ കഴിയും.
മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നവരാത്രി വ്രതാനുഷ്ഠാനവും ആഘോഷവും സംസ്ഥാനത്ത് കുറവാണ്. എന്നാൽ പദ്മനാഭപുരത്തു നിന്നുള്ള വിഗ്രഹങ്ങളുടെ ഘോഷയാത്രയും മൂന്നു സ്ഥലങ്ങളിലായി വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നതും നവരാത്രി സംഗീതോത്സവവുമെല്ലാം തലസ്ഥാനത്തെ നവരാത്രി ആഘോഷത്തിന് പൊലിമ പകരും. വിഗ്രഹങ്ങളെത്തി കഴിഞ്ഞാൽ നവരാത്രി മണ്ഡപത്തിലെത്തി സരസ്വതി ദേവിയെയും ആര്യശാല ദേവീക്ഷേത്രത്തിലെത്തി കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും തൊട്ടടുത്തുള്ള ചെന്തിട്ട ക്ഷേത്രത്തിലെ മുന്നൂറ്റി നങ്കയെയും തീർത്ഥാടനം പോലെ ദർശനം നടത്തുന്ന പതിവാണ് തിരുവനന്തപുരത്തുകാർക്കുള്ളത്. ഒടുവിൽ വിഗ്രഹ ഘോഷയാത്ര എത്തുന്ന പൂജപ്പുരയിൽ ഗംഭീരമായാണ് നാട്ടുകാർ നവരാത്രി കൊണ്ടാടുന്നത്. ഭവനങ്ങളിൽ ബൊമ്മക്കൊലു ഒരുക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.
ഇന്നാണ് പൂജവയ്പ്. എന്നാൽ തിരുവനന്തപുരത്ത് ആരാധനാലയങ്ങളിലൊഴികെയുള്ള സ്ഥലങ്ങളിൽ ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ച രാവിലെയോ ആണ് പൂജ വയ്ക്കുന്നത്.
പൂജവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
വിദ്യാർത്ഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്കു വയ്ക്കണം
മുതിർന്നവർ ഭഗവത് ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ പൂജ വയ്ക്കാവുന്നതാണ്.
കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ടവയാണ് പൂജവയ്ക്കുന്നത്. ഉപകരണങ്ങൾ വൃത്തിയാക്കിയ ശേഷമേ പൂജ വയ്ക്കാവൂ
തൊഴിലാളികൾ പണിയായുധമാണ് വയ്ക്കുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്നവർ വാഹനമോ താക്കോലോ പൂജ വയ്ക്കണം.
വീട്ടിൽ പൂജവയ്ക്കുമ്പോൾ
വെറും തറയിൽ പൂജ വയ്ക്കരുത്. മേശപ്പുറത്തോ പീഠത്തിലോ പൂജവയ്ക്കുന്നതാണ് അഭികാമ്യം. പൂജാമുറിയിലോ ഭവനത്തിന്റെ ഈശാനകോണായ വടക്കു കിഴക്കു ഭാഗത്തോ ആണ് പൂജവയ്ക്കേണ്ടത്.
പൂജ വയ്ക്കാനുദ്ദേശിക്കുന്ന ഇടം വൃത്തിയാക്കി ചാണകവെള്ളമോ തുളസി വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തുക.
സരസ്വതീ ദേവിയുടെ ചിത്രത്തിന് മുന്നിലായി വേണം ഉപകരണങ്ങൾ/പുസ്തകങ്ങൾ പൂജ വയ്ക്കേണ്ടത്. ദേവീ ചിത്രത്തിന്റെ ഇടതു ഭാഗത്തു പ്രഥമസ്ഥാനം നൽകി ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കാം. വലതു ഭാഗത്തു ഇഷ്ടദേവതാ ചിത്രവും വയ്ക്കാം.
കർപ്പൂരം ഉഴിഞ്ഞ ശേഷം കുറച്ചു പൂക്കൾ കൈകളിലെടുത്തു ഗണപതിയെയും സരസ്വതിയെയും ഇഷ്ടദേവതയെയും മനസിൽ ധ്യാനിച്ച് ഉപകരണങ്ങളിൽ അർച്ചിച്ചു വേണം പൂജവയ്ക്കാൻ. അവൽ, മലർ, ശർക്കര, പഴം, കൽക്കണ്ടം എന്നിവ കൊണ്ട് നിവേദ്യമർപ്പിച്ചശേഷവും പൂജ വയ്ക്കാം.
പൂജയെടുക്കുമ്പോൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു ഓരോ ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ.
പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.
മണലിലോ അരിയിലോ "ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു " എന്ന് എഴുതുന്നത് ഉത്തമം. അതിന് ശേഷം പുസ്തകം പൂജ വച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം.