തിരുവനന്തപുരം: ഒൻപത് രാത്രിയും പത്ത് പകലും ഭക്തിനിർഭരമാകുന്ന നവരാത്രി ആഘോഷത്തിനായി വിപണി ഒരുങ്ങി. മധുരപലഹാരങ്ങളും പൂജാ സാധനങ്ങളും ബൊമ്മക്കൊലുവുമൊക്കെയായി വർണപ്പൊലിമയിലാണ് നഗരം. ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് ബുധനാഴ്ച സമാപനമാകും.
മധുരമില്ലാതെ എന്താഘോഷം
മധുര പലഹാരങ്ങൾ ഇല്ലാതെ നവരാത്രി ആഘോഷങ്ങൾ പൂർണമാവില്ല. കോട്ടയ്ക്കകത്തെ ചെറുതും വലുതുമായ ബേക്കറികളിലെല്ലാം വിവിധ വർണങ്ങളിൽ വിവിധ രുചികളോടെ പലഹാരങ്ങൾ നിരന്നുകഴിഞ്ഞു. വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ തേടി നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. പാലും നെയ്യും പഞ്ചസാരയും ചേർന്ന പലഹാരങ്ങളാണ് നരവാത്രി കാലത്തെ സ്പെഷ്യൽ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും ഇവ തിരഞ്ഞെടുക്കുന്നവർ ഒരുപാടുണ്ട് ഇവിടെ.
100 രൂപ മുതൽ വില വരുന്ന സ്വീറ്റ് ബോക്സുകൾ ബേക്കറികളിലെല്ലാം ലഭ്യമാണ്. വില ഉയരുന്നതിനനുസരിച്ച് ബോക്സിലെ പലഹാരങ്ങളിലും വ്യത്യാസം വരും. മഞ്ഞ ലഡു ഒന്നിന് 8 രൂപ, ഓറഞ്ച് ലഡു 9 രൂപ, മലാഡു 8 രൂപ, മുന്തിരിക്കൊത്ത് 8 രൂപ, അതിരസം, മൈസൂർ പാവ്, ബാദുഷ, പേഡ, ജിലേബി എന്നിവയ്ക്ക് ഓരോന്നിനും 9 രൂപ വീതം, ബർഫി 10 രൂപ, നെയ് ബോളി 12 രൂപ എന്നിങ്ങനെയാണ് വില. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കൂടുതൽ കച്ചവടം നടക്കുക എന്ന് പറയുന്നു കോട്ടയ്ക്കകത്തെ ശ്രീ മുരുക ബോളി ബേക്കറി ഉടമ കുമാർ.
വർണങ്ങൾ വിതറി ബൊമ്മക്കൊലു വിപണി
തിന്മയ്ക്ക് മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായ ബൊമ്മക്കൊലുകൾ നവരാത്രി കാലത്തിന്റെതന്നെ പ്രതീകങ്ങളാണ്. നവരാത്രി ആഘോഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ ബൊമ്മക്കൊലു വിപണി ഉണർന്നിരുന്നു. 100 രൂപ മുതൽ 5,000 രൂപ വരെ വിലവരുന്ന ബൊമ്മകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരന്നുകഴിഞ്ഞു. മധുര, കാഞ്ചീപുരം, ബൺറൊട്ടി, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ബൊമ്മകൾ എത്തിക്കുന്നത്.
കോട്ടയ്ക്കകത്തെ രാജി കൃഷ്ണദാസിന്റെ വിഘ്നേശ്വര ട്രഡേഴ്സ് അറിയപ്പെടുന്നത് തന്നെ ബൊമ്മക്കട എന്നാണ്. സെറ്രായും അല്ലാതെയും ഇവിടെ പ്രതിമകൾ ലഭിക്കും. ബൺറൊട്ടി ബൊമ്മകൾ ലഭിക്കുന്ന തലസ്ഥാനത്തെ ഏക ബൊമ്മക്കടയും തന്റെയാണെന്ന് രാജി അവകാശപ്പെടുന്നു. പേപ്പർ പൾപ്പ്, കളിമണ്ണ്, പ്ലാസ്റ്റർ ഒഫ് പാരീസ് തുടങ്ങിയ മെറ്റീരിയലുകളിലാണ് ബൊമ്മകൾ നിർമ്മിക്കുന്നത്.BJ