തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ സ്മാർട്ടാകുന്ന തലസ്ഥാനനഗരത്തിൽ ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കും. കെട്ടിടസമുച്ചയങ്ങളിൽ സോളാർ റൂഫുകൾ സ്ഥാപിച്ചാണ് ഇത് നടപ്പിലാക്കുക. സോളാർ പാനലുകളിലൂടെ ശേഖരിക്കുന്ന വൈദ്യുതി നേരെ പവർ ഗ്രിഡിലേക്ക് നൽകും. ഓരോ കെട്ടിടങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ തോത് കണക്കാക്കി അതത് കെട്ടിടങ്ങളുടെ വൈദ്യുത ബില്ലിൽ ആ തുക കുറച്ചു നൽകും. നിയമസഭാ മന്ദിരം, പബ്ലിക് ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി, വഴുതക്കാട് വിമെൻസ് കോളേജ്, അട്ടക്കുളങ്ങര ഗവ. സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ പൂർത്തിയായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം 2.85 കോടിയാണ് ചെലവഴിക്കുന്നത്. 670 കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. ഇതോടെ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ ബൃഹത് പദ്ധതി നടപ്പാക്കുന്ന നഗരമായി തലസ്ഥാനം മാറും.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റിസർവ് ബാങ്ക്, യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ, ഹൗസിംഗ് ബോർഡ്, ഗവ. പ്രസ്, ചെങ്കൽചൂള ഫയർ സ്റ്റേഷൻ, ജലഭവൻ വെള്ളയമ്പലം, തൈക്കാട് ഗവ. ആശുപത്രി, തിരുവനന്തപുരം ജി.പി.ഒ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ട്രഷറി ഡയറക്ടറേറ്റ് എന്നിവയാണ്തുടർഘട്ടങ്ങളിൽ പരിഗണനയിലുള്ള മറ്റു ഓഫീസ് സമുച്ചയങ്ങൾ. വൈദ്യുതി ഉപയോഗം കൂടുതലുള്ള മറ്റു ഓഫീസുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. പിന്നാലെ വലിയ വീടുകളെയും പദ്ധതിയുടെ ഭാഗമാക്കും. സ്മാർട്ട് സിറ്റിയുടെ ഫാസ്റ്റ് ട്രാക്ക് പദ്ധതിയുടെ ഭാഗമായാണ് സോളാർ റൂഫ് ടോപ്പുകൾ സ്ഥാപിക്കുന്നത്.
ഫാസ്റ്റ് ട്രാക്ക് പദ്ധതിയിൽ ഇടംപിടിച്ചിട്ടുള്ളവ
സ്മാർട്ട് ബസ് ഷെൽട്ടറുകൾ, കുടിവെള്ള കിയോസ്ക്കുകൾ പൊതുശൗചാലയങ്ങളുടെ പുനർനിർമാണം, സാംസ്കാരിക വീഥികൾ, പൊതുസൈക്കിൾ ഷെയറിംഗ്, ഇ ആട്ടോ, ഓപ്പൺ ജിം, മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഇൻഫർമേഷൻ കയോസ്ക്കുകൾ
വൈദ്യുതി ഉത്പാദന ലക്ഷ്യം (കിലോവാട്ടിൽ)
നിയമസഭ: 395
വിമെൻസ്
കോളേജ് : 82
അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ: 3.09
കേരള യൂണി.
ലൈബ്രറി : 85.48
സ്റ്റേറ്റ് സെൻട്രൽ
ലൈബ്രറി: 36.65
വൈദ്യുതി
ഉപഭോഗത്തിലെ മിച്ചം (ശതമാനത്തിൽ)
നിയമസഭ - 25
അട്ടക്കുളങ്ങര
സെൻട്രൽ സ്കൂൾ
4
വനിതാ കോളേജ് 57
യൂണവേഴ്സിറ്റി ലൈബ്രറി - 39
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി - 27
കരാർ ഒപ്പുവച്ചു. അടുത്തമാസം ആദ്യം പണിതുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. - സനൂപ് ഗോപാലകൃഷ്ണൻ ജനറൽ മാനേജർ, സ്മാർട്ട് സിറ്റി