തിരുവനന്തപുരം : മാസാമാസം പണം അടയ്ക്കാറുണ്ടെങ്കിലും ബി.എസ് എൻ.എൽ ഫോണിൽ നിന്ന് ഒരു കോൾ വിളിക്കണമെങ്കിൽ 'യോഗം" വേണമെന്നതാണ് ഉപഭോക്താക്കൾ പറയുന്നത്. കൈതമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിനു കിഴിൽ വരുന്ന നിരവധി ഉപഭോക്താക്കളാണ് തങ്ങളുടെ ഫോണിൽ നിന്ന് ഒരു കോൾ വിളിക്കാനായി കാത്തിരിക്കുന്നത് .
ഫോൺ റിസീവർ എടുത്താൽ ഡയൽ ടോൺ ശബ്ദം കേൾക്കാനേ കഴിയില്ല. എന്നാൽ മറുതലയ്ക്കൽ നിന്ന് ആരെങ്കിലും ഈ പ്രദേശത്തേക്കുള്ള ഫോണിലേക്ക് വിളിച്ചാൽ റിംഗ് ശബ്ദം അവർക്ക് കേൾക്കാൻ കഴിയും. എന്നാൽ ഇങ്ങനെയൊരു കോൾ വന്നതായി തകരാറിലായ ഫോൺ ഉടമയ്ക്ക് അറിയാനേ കഴിയില്ല. ഇത്തരത്തിൽ ഫോണിനെകുറിച്ചുള്ള പരാതികൾ അധികാരികളെ നിരവധി തവണ അറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല.
എഫ്.എസ്.എൻ എന്ന പഴയ രീതിയിൽ നിന്ന് എൻ.ജി.എൻ എന്ന നൂതന സംവിധാനത്തിലേക്ക് മാറിയതിനാൽ 4757 എന്ന നമ്പരിൽ തുടങ്ങുന്ന രണ്ടായിരത്തോളം ഫോണുകൾ തകരാറിലായി. ഇതിൽ ഏറിയ പങ്കും പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ എട്ടുമാസത്തെ ശമ്പളം ലഭിക്കാതെ വന്നതോടെ കരാർ ജോലിക്കാർ അനിശ്ചിതകാല സമരം തുടങ്ങിയതിനാൽ വിവിധ എക്സ്ചേഞ്ചുകളിലെ പ്രശ്ങ്ങൾ സങ്കീർണമായി. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിൽ സ്ഥിരം ജീവനക്കാരെ നിയമിക്കാറില്ലാത്തതാണ് പ്രശ്നത്തിന് കാരണം. കരാർ ജോലിക്കാർ മാത്രമാണുള്ളതെങ്കിലും അവർക്ക് ശമ്പളം കൂടി ലഭിക്കാതെ വന്നതോടെ ജോലിചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്. കാര്യമെന്തായാലും കൃത്യമായി ഫോൺ ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾ ഇനി എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ്.
സ്വകാര്യ മേഖലയ്ക്ക് കൂടുതൽ വഴിതുറന്നുകൊടുക്കാനുള്ള അവസരമുണ്ടാക്കുകയാണ് ബി.എസ്.എൻ.എൽ ചെയ്യുന്നത്.
- ഉപഭോക്താക്കൾ
സ്വിച്ചിംഗ് സംവിധാനത്തിലുണ്ടായ മാറ്റമാണ് നിലവിലെ പ്രശ്നത്തിന് കാരണം. ഉടനേ പ്രശ്നം പരിഹരിക്കും.
ശങ്കർ, ജെ.ടി.ഒ , കൈതമുക്ക്