
കറ്റാനം: വിദേശത്ത് ജോലിയുള്ള സഹോദരനുവേണ്ടിയെന്ന വ്യാജേന, പത്രത്തിലെ പരസ്യം കണ്ട് വിവാഹാലോചന നടത്തുകയും കള്ളക്കഥ പറഞ്ഞ് കല്യാണം ഉറപ്പിക്കുകയും ചെയ്ത് വിരുതൻ തട്ടിയെടുത്തത് 7.70 ലക്ഷത്തോളം രൂപ. മലേറിയ ബാധിച്ച് സഹോദരനും മൃതദേഹവുമായി വരുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് താനും മരിച്ചതായി പ്രതിശ്രുത വധുവിന്റെ പിതാവിനെ ഒരു സ്ത്രീ മുഖേന അറിയിക്കുകയും 'മൃതദേഹ'ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്ത പ്രതി ക്രൈംത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
കുറത്തികാട് സ്വദേശിയായ ഗൃഹനാഥന്റെ പരാതിയിൽ എടത്വ പച്ച കിഴക്കു മുറിയിൽ പാറേച്ചിറ വീട്ടിൽ നിന്ന് ഇടുക്കി അറക്കുളം വില്ലേജ് നാടുകാണി പുളിയ്ക്കൽ വീട്ടിൽ സുമേഷാണ് (35) പിടിയിലായത്. പരാതിക്കാരന്റെ മകളെ തന്റെ അനുജനുവേണ്ടി വിവാഹം ആലോചിക്കാനെന്ന വ്യാജേനയാണ് സുമേഷ് തട്ടിപ്പ് നടത്തിയത്.
പൊലീസ് പറയുന്നത്: വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന മകളുടെ രണ്ടാം വിവാഹത്തിന് ആലോചന ക്ഷണിച്ചു കൊണ്ട് കുറത്തികാട് സ്വദേശി പത്രത്തിൽ പരസ്യം നൽകി. ഇതുകണ്ട സുമേഷ് വിദേശത്തു ജോലി ചെയ്യുന്ന അനുജൻ വിഷ്ണുവിനെന്ന വ്യാജേന പരാതിക്കാരന്റെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. തനിക്ക് ചെങ്ങന്നൂർ രജിസ്ട്രാർ ഓഫീസിലാണ് ജോലിയെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് വിഷ്ണുവെന്ന പേരിൽ പ്രതി പരാതിക്കാരന്റെ മകളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാൻ തുടങ്ങി. വിഷ്ണുവിന്റേതെന്ന വ്യാജേന ചിത്രങ്ങളും വാട്ട്സാപ്പിലൂടെ അയച്ചുകൊണ്ടിരുന്നു.
ഇതിനിടെ, മലേറിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും വിഷ്ണുവിന്റെ അക്കൗണ്ട് ബ്ലോക്കാണെന്നും പ്രതി പരാതിക്കാരന്റെ മകളെ വിശ്വസിപ്പിച്ചു. എന്നാൽ നേരിട്ടു കാണുന്നതിൽ നിന്ന് പലവിധ കാരണങ്ങൾ പറഞ്ഞ് ഇവരെ ഒഴിവാക്കി. വിഷ്ണുവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്ന് വിശ്വസിപ്പിച്ച്, ബന്ധുവായ സുമേഷിന്റേതെന്ന വ്യാജേന പ്രതിയുടെ പേരിൽ എടത്വ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പല തവണകളായി അഞ്ചുലക്ഷം രൂപ അയപ്പിച്ച് കൈക്കലാക്കി. ഇതിനിടെ പരാതിക്കാരന്റെ വീട്ടിലെത്തി 2.70 ലക്ഷം രൂപയും വാങ്ങി.
ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണു മരിച്ചെന്ന് പരാതിക്കാരനെയും മകളെയും ഇയാൾ ഒരു ദിവസം പൊടുന്നനെ അറിയിച്ചു. വിഷ്ണുവിന്റെ മൃതദേഹവുമായി ആംബുലൻസിൽ വരുമ്പോൾ ആംബുലൻസ് അപകടത്തിൽപെട്ട് താനും മരിച്ചതായി സഹോദരിയെന്ന പേരിൽ ഒരു സ്ത്രീയുടെ മൊബൈലിൽ നിന്ന് അറിയിച്ചതോടെ യുവതിയും ബന്ധുക്കളും പരിഭ്രാന്തരായി. താൻ 'മരിച്ചു'കിടക്കുന്ന ഫോട്ടോയും അയച്ചുകൊടുത്തു. ഒപ്പം 'മുഹമ്മയെ കണ്ണീരിലാഴ്ത്തിയ സഹോദരങ്ങൾക്ക് അന്ത്യയാത്ര' എന്ന തലക്കെട്ടോടുകൂടി പ്രതി തന്റെയും വിഷ്ണുവിന്റെ പേരിൽ അയച്ചുകൊണ്ടിരുന്ന ഫോട്ടോയും വച്ച് തയ്യാറാക്കിയ പത്രവാർത്തയും യുവതിക്കും പിതാവിനും അയച്ചുകൊടുത്തു.
സഹോദരങ്ങളുടെ മരണത്തിന് ഉത്തരവാദി പരാതിക്കാരന്റെ മകളാണെന്ന വിധത്തിൽ വ്യാജ 'സഹോദരി'യെക്കൊണ്ട് ഭീഷണി സന്ദേശങ്ങൾ അയച്ചുതുടങ്ങിയതോടെയാണ് വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര, മാവേലിക്കര സി.ഐ പി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുറത്തികാട് എസ്.എച്ച്.ഒ എ.സി.വിപിൻ, എ.എസ്.ഐ നിയാസ്, സീനിയർ സി.പി.ഒമാരായ ഹരി, പുഷ്പൻ, സി.പി.ഒമാരായ സിജു, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.