hammer-falls-to-head

കോട്ടയം: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം മീറ്റിനിടെ ഹാമർ തലയിൽ വീണ് വോളന്റിയറായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ചാമ്പ്യൻഷിപ്പ് മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്. അതേസമയം, അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാർത്ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച നടന്ന ഹാമർത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമർ തലയിലിടിച്ചാണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്.

സംഘാടകരുടെ ഗുരുതര പിഴവാണ് അപകടത്തിന് വഴിവച്ചതെന്ന് ആക്ഷേപമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. പാലാ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. മത്സരാർത്ഥി എറിഞ്ഞ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീൽ നീങ്ങുമ്പോഴായിരുന്നു അപകടം. ഈ സമയം 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമർ 35 മീറ്റർ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകൾ ഭാഗത്ത് നെറ്റിയിൽ പതിച്ചു.

ഹാമർ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല. ബോധംകെട്ട് കമിഴ്ന്ന് വീണ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മികച്ച ഫുട്ബാൾ താരമായ അഫീലിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു.