-jolly

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ മരിച്ച ഗൃഹനാഥൻ ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആറുപേരുടെയും മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നൽകിയ ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സൂചന. കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകൾ കേസിൽ നിർണായകമാകും. മരിച്ച റോയിയുടെ ഉള്ളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയിൽ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

പോസ്റ്റ് മോർട്ടത്തിൽ ഇത് വ്യക്തമായിട്ടും ആ നിലയിൽ അന്വേഷണം ഉണ്ടാകാതെ പോയി. ഡി.എൻ.എ പരിശോധനഫലം ലഭിക്കാൻ ഒരുമാസം സമയമെടുക്കും. ഡി.എൻ.എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു അഞ്ച് മരണങ്ങൾ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. നാട്ടുകാരും ജനപ്രതിനിധികളും നൽകിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.