actor-chiranjeevi

സിനിമാ രംഗത്ത് മെഗാസ്റ്റാർ എന്ന വിശേഷണത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന ആളാണ് ചിരഞ്ജീവി. 1978ൽ തുടങ്ങിയ സിനിമാ രംഗത്തേക്കുള്ള ചുവടുവയ്പ്പിൽ ആദ്യ അഞ്ച് വർഷത്തിനുള്ളിൽ തന്നെ അറുപതോളം സിനിമകളിൽ അഭിനയിച്ചു. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായെത്തി. ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും രാഷ്ട്രീയത്തിലും ചിരഞ്ജീവി ശ്രദ്ധപുലർത്തുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം തന്റെ പ്രായം അൻപതുകളെ സമീപിച്ചപ്പോൾ തന്നെ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം പാടെ ചുരുക്കി.

ഇപ്പോൾ മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫർ കണ്ടപ്പോൾ മോഹൻലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയാണ് ചിരഞ്ജീവി. ചിത്രത്തിന്റെ പകർപ്പവകാശം തന്റെ ചില നിർമാതാക്കൾ വഴി പൃഥ്വിയിൽ നിന്നും വാങ്ങിയെന്നും ഇനി തെലുങ്കിൽ അഭിനയിക്കാൻ പോകുന്ന അടുത്ത സിനിമ ലൂസിഫർ ആയിരിക്കുമെന്നും ചിരഞ്ജീവി വെളിപ്പെടുത്തി. പൃഥ്വരാജ് സംവിധാനം ചെയ്ത ലൂസിഫർ കണ്ടപ്പോൾ തന്നെ അതിലെ മോഹൻലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് താൻ ആഗ്രഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

"പൃഥ്വരാജ് സംവിധാനം ചെയ്ത ലൂസിഫർ കണ്ടപ്പോൾ തന്നെ അതിലെ മോഹൻലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്. തുടർന്ന് എന്റെ നിർമാതാക്കളിൽ ഒരാൾ ലൂസിഫർ തെലുങ്കിൽ ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കി. അടുത്ത വർഷം തെലുങ്ക് ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രം തെലുങ്കിലും അദ്ദേഹം തന്നെ അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ,രാംചരൺ അതുചെയ്താൽ കൂടുതൽ ഭംഗിയാകുമെന്നായിരുന്നു ഈ ആവശ്യം പറഞ്ഞപ്പോൾ പൃഥ്വിയുടെ മറുപടി"-അദ്ദേഹം പറ‌ഞ്ഞു.

സൈറ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവിയുടെ പുതിയ ചിത്രം. ബഹുഭാഷാ ചിത്രമായ സൈറയിൽ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, സുദീപ്, നയൻതാര, തമന്ന തുടങ്ങിയ വൻതാരനിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതൽമുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരീന്ദർ റെഡ്ഢിയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.