ജീപ്പിനുള്ളിലേക്കു തള്ളിക്കയറി വരുന്ന ശീതക്കാറ്റിലും ചന്ദ്രകല വിയർത്തുകുളിച്ചു.
തന്റെ കാൽക്കീഴിൽ ഒരു ശവം പോലെ ചലനമറ്റുകിടക്കുകയാണ് പ്രജീഷ്.
പരുന്ത് റഷീദിനെയും ശിവലിംഗത്തെയും വിശ്വസിച്ചതു തെറ്റ്!
ശ്രീനിവാസകിടാവ് തങ്ങളുടെ പണം സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്ന് കാണിച്ചുതരാമെന്ന് ശിവലിംഗം പറഞ്ഞതു വിശ്വസിക്കരുതായിരുന്നു...
പൊടുന്നനെ ജീപ്പിന്റെ വേഗത അല്പം കുറഞ്ഞു.
അത് മുളംകാടുകൾക്ക് ഇടയിലൂടെയുള്ള ഒരു കാട്ടുപാതയിലേക്കു കയറി.
മുളം ചില്ലകൾ ജീപ്പിന്റെ മൂന്നു ഭാഗങ്ങളിലും ഉരസ്സിക്കൊണ്ടിരുന്നു.
മുന്നിലും ഇരു വശങ്ങളിലും!
''നിങ്ങൾ ഞങ്ങളെ എങ്ങോട്ടു കൊണ്ടു പോകുകയാ?"
ചന്ദ്രകലയുടെ ശബ്ദം വിറച്ചു.
''തൽക്കാലം കൊല്ലാൻ അല്ലെന്നു വിശ്വസിക്കാം. അക്കാര്യം ഞാൻ നേരത്തെ പറഞ്ഞല്ലോ..."
മുൻസീറ്റിൽ നിന്ന് പരുന്ത് റഷീദിന്റെ ശബ്ദം കേട്ടു.
''നിങ്ങൾ പ്രജീഷിനെ കൊന്നോ?"
''കൊല്ലും. പക്ഷേ ഇപ്പോഴല്ല... ഇനി ഞങ്ങളോട് കളിക്കാൻ ശ്രമിച്ചാൽ..."
അവൾക്ക് എതിരെ പിന്നിലിരുന്ന ശിവലിംഗമാണു പറഞ്ഞത്.
ജീപ്പ് ചരിഞ്ഞും കുലുങ്ങിയും കല്ലുകൾക്കു മുകളിലൂടെ ചാടിയും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു...
*************************
അർദ്ധരാത്രി കഴിഞ്ഞു.
തങ്ങളങ്ങാടിയിൽ സി.ഐ അലിയാരുടെ റൂമിൽ വെളിച്ചമുണ്ടായിരുന്നു.
വൈകിട്ടാണ് അയാൾ വീട്ടിൽ എത്തിയത്.
കുളിച്ച് ഭക്ഷണം കഴിച്ചയുടൻ ലാപ്‌ടോപ്പിനു മുന്നിൽ ഇരുന്നതാണ്.
''നിങ്ങളിന്ന് ഉറങ്ങുന്നില്ലെന്ന് തീരുമാനിച്ചോ?"
ഒന്നു മയങ്ങിപ്പോയ സുഫൈജ കണ്ണുതുറന്ന് ഭർത്താവിനെ നോക്കി.
അലിയാർ പുഞ്ചിരിച്ചു.
''ഒരത്യാവശ്യ കാര്യം നോക്കുകയാടീ. ... വടക്കേ കോവിലകത്തു നിന്ന് മാസങ്ങൾക്ക് ഉള്ളിൽ മരണപ്പെട്ട ഒരാളുടെ അസ്ഥികൾ കിട്ടിയിട്ടുണ്ട്. മാൻ മിസ്സിംഗ് കേസുകളുമായി അത് ഒത്തു നോക്കുകയാ... ഇനി അഞ്ചുപേരുണ്ട് ലിസ്റ്റിൽ. അവരിൽ ആരെങ്കിലുമായിരിക്കണം മരണപ്പെട്ടത്."
''ഇതാണോ വലിയ കാര്യം?"
സുഫൈജ തിരിഞ്ഞു കിടന്നു.
അലിയാർക്ക് വീണ്ടും ചിരി വന്നു. ഉറക്കം പിടിച്ചുകഴിഞ്ഞൽ ഇവൾ ഇങ്ങനെയാണ്...
പൊടുന്നനെ അലിയാരുടെ നോട്ടം ലാപ്ടോപിൽ തെളിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയിലും പേരിലും തറഞ്ഞു.
വടക്കേ കോവിലകവുമായി നല്ലതല്ലാത്ത തരത്തിലാണെങ്കിലും ബന്ധമുണ്ടായിരുന്ന ഒരാളേ ഈ അഞ്ചുപേരിൽ ഉള്ളു.
അണലി അക്‌ബർ!
അണലി അക്ബറെ കാണാതായ ദിവസം വച്ച് അലിയാർ കണക്കു കൂട്ടുവാൻ തുടങ്ങി.
അതിനനുസരിച്ച് അയാളുടെ മുഖത്ത് പലതരത്തിലുള്ള ഭാവങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു.
*************************
നേരം പുലർന്നു.
സുരേഷ് കിടാവ് അച്ഛൻ ശ്രീനിവാസ കിടാവിനു ഫോൺ ചെയ്തു.
''അച്ഛൻ ഉടനെ ഇങ്ങോട്ടുവരണം. ഇവിടെ ആകെ പ്രശ്നങ്ങളാ. ഹേമ, മക്കളെയും കൊണ്ട് ചുങ്കത്തറയ്ക്കു പോകാൻ വാശിപിടിക്കുന്നു..."
''എന്താടാ അവിടെ നടന്നത്?" സംശയത്തോടെ കിടാവിന്റെ ചോദ്യം.
''അത് ഫോണിൽ പറഞ്ഞാൽ ശരിയാവത്തില്ല. അച്ഛൻ എത്രയും വേഗം ഇങ്ങോട്ട് വാ."
''ശരി."
അര മണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീനിവാസ കിടാവിന്റെ കാർ കോവിലകത്തിനു മുന്നിൽ ബ്രേക്കിട്ടു. കിടാവ് മാത്രമായിരുന്നില്ല. ഭാര്യ രേണുകയും ഉണ്ടായിരുന്നു.
കാറിൽ നിന്ന് ഇറങ്ങിയിട്ട് രേണുക, കോവിലകം ആകമാനം ഒന്നു നോക്കി.
ആ സ്‌ത്രീ ആദ്യം വരികയായിരുന്നു അവിടെ...
''അച്ഛമ്മേ.." ആരവും ആരതിയും ഓടിവന്ന് രേണുകയെ കെട്ടിപ്പിടിച്ചു. ''ഞങ്ങക്ക് പേടിയാ."
''അതിനും മാത്രം എന്തുണ്ടായി മക്കളേ?"
രേണുക അവരെ ചേർത്തുപിടിച്ചുകൊണ്ട് കോവിലകത്തിനുള്ളിലേക്കു നടന്നു.
തൊട്ടു പിന്നിൽ കിടാവും.
സുരേഷും ഹേമലതയും അവർക്കു മുന്നിലെത്തി. ഹേമലതയുടെ രൂപം കണ്ട് രേണുക അന്ധാളിച്ചു.
വിളറി വെളുത്ത...
''ഇനി ഞങ്ങളെങ്ങനെ ഇവിടെ ജീവിക്കാനാ ആന്റീ... കഴിഞ്ഞ ദിവസം എന്റെ കുഞ്ഞുങ്ങളെ ജീവനോടു കിട്ടിയതുതന്നെ ദൈവാധീനം..."
രേണുക നെറ്റി ചുളിച്ചു.
''കഴിഞ്ഞ ദിവസം എന്തുണ്ടായി?"
''അങ്കിള് ഒന്നും പറഞ്ഞില്ലേ?" ഹേമലത, കിടാവിനെ നോക്കി.
അയാൾ മുഖം തിരിച്ചുകളഞ്ഞു. രേണുകയോട് അയാൾ അക്കാര്യം പറഞ്ഞിരുന്നില്ല. പറഞ്ഞാൽ അന്ധവിശ്വാസിയായ അവൾ തന്നെ ഹേമലതയോടും മക്കളോടും അവിടെ നിന്ന് മാറുവാൻ പറയുമെന്ന് കിടാവിന് അറിയാമായിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ കാര്യം ഹേമലത, രേണുകയോടു ചുരുക്കിപ്പറഞ്ഞു. ആ സ്‌ത്രീ അന്ധാളിച്ചു.
''എന്നിട്ടാണോ ഹേമേ പിന്നെയും നിങ്ങൾ ഇവിടെത്തന്നെ കഴിഞ്ഞത്?"
''ഞാൻ പറഞ്ഞിട്ടാ അത്." കിടാവ് ഇടപെട്ടു.
സുരേഷിനോട് എല്ലാം ചോദിച്ചറിഞ്ഞു. പകുതി പൊളിഞ്ഞ വാതിൽ കണ്ടു.
''കാര്യം എന്താണെന്ന് അറിയണമല്ലോടാ... നീ കംപ്യൂട്ടറിൽ നിന്ന് സി.സി.ടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് എടുത്ത് ടിവിയുമായി ഒന്നു കണക്ടു ചെയ്തേ.." കിടാവ് കൽപ്പിച്ചു.
(തുടരും)