പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒരു മാജിക്കായിരുന്നു 1988ൽ പുറത്തിറങ്ങിയ 'ചിത്രം'. സിനിമ പുറത്തിറങ്ങിയിട്ട് ഇത്രയും വർഷം കഴിഞ്ഞെങ്കിലും ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണിത്. ദേവാസുരം പോലുള്ള നിരവധി സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങിയതുപോലെ 'ചിത്ര'ത്തിന്റെ രണ്ടാം ഭാഗം ഇറക്കിക്കൂടെയെന്ന ചോദ്യം ഉയർന്നിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിൽ ശ്രീനിവാസനും മുഖ്യ വേഷത്തിലെത്തിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ ഇവരുടെ മക്കളുടെ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്.
പ്രിയദർശന് പകരം സംവിധായകന്റെ കുപ്പായമണിയുന്നത് വിനീത് ശ്രീനിവാസനാണെന്നാണ് പുറത്ത് വരുന്ന വിവരം.ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വിനീത് സംവിധായകനാകുന്നത്. കൂടാതെ ഒന്നാം ഭാഗത്തിൽ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നെങ്കിൽ, ഇത്തവണ മകൻ പ്രണവാണ് നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്. പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ നായികയായെത്തിയേക്കും.
സിനിമ അടുത്തവർഷം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.