koodathayi-death

കോഴിക്കോട്: കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറ് പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ആറുപേരുടേതും കൊലപാതകങ്ങളാണെന്ന് ഉറപ്പിക്കാൻ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്താൻ സാമ്പിളുകൾ ശേഖരിച്ചിരുന്നു. അതിൽ നിന്ന് നിർണായക വിവരങ്ങൾ കണ്ടെത്തിയെന്ന് കരുതുന്നു. ഇതിന് ശേഷം യുവതിയെ ചോദ്യംചെയ്തപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയതെന്നാണ് സൂചനകൾ. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ജോളിയും രണ്ടാം ഭ‌ർത്താവും അടക്കം നാല് പേർ ഇപ്പോൾ കസ്റ്റഡിയിലാണ്.

കൊലപാതകങ്ങൾക്ക് ജോളിക്ക് ചിലരുടെ സഹായങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. കൊലപ്പെടുത്താനുള്ള സയനൈഡ് ഇവരുടെ ബന്ധുവായ ഒരു ജുവലറിയിൽ ജോലി ചെയ്തിരുന്ന യുവാവാണ് സംഘടിപ്പിച്ചു നല്കിയതെന്നാണ് വിവരം. താമരശേരി സ്വദേശിയായ ജുവലറി ജീവനക്കാരൻ കസ്റ്റഡിയിലാണെന്നും പൊലീസ് സൂചന നൽകുന്നു. കൂടാതെ ജോളിയുടെ ഭർതൃപിതാവ് ടോംതോമസിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജരേഖയുണ്ടാക്കിയതും ചിലരുടെ സഹായത്തോടെയാണ്. കൊലപാതകത്തിന് പിന്നാലെ ജോളി ടോം തോമസിന്റെ സഹോദരപുത്രൻ കോടഞ്ചേരിയിലെ അദ്ധ്യാപകനായ ഷാജുവിനെ വിവാഹം ചെയ്തതും ദുരൂഹതയുണ്ടാക്കുന്നതാണ്. ഷാജുവിനെയും പൊലീസ് ചോദ്യംചെയ്തുവരുന്നുണ്ട്. എന്നാൽ ആദ്യം ജോളിയിലേക്കുള്ള അന്വേഷണമാണ് നടക്കുന്നത്.

ഓരോ മരണത്തിനും വർഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂർവമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ജോളി ഒഴി‍ഞ്ഞുമാറി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോൺവിളിയുടെ വിശദാംശങ്ങളുൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവർക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

2002 ആഗസ്റ്റ് 22നാണ് അന്നമ്മ കുഴഞ്ഞുവീണ് മരണപ്പെടുന്നത്. 2008 ആഗസ്റ്റ് 26 ടോം തോമസും ഇതുപോലെ കുഴഞ്ഞുവീണ് മരിച്ചു. 2011 സെപ്തംബർ 30നാണ് റോയി തോമസും മരണപ്പെട്ടത്. കുഴ‌ഞ്ഞുവീണു മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് സയനൈഡ് അകത്തുചെന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നില്ല. 2014ലാണ് അന്നമ്മയുടെ സഹോദരൻ മാത്യുവും സമാനരീതിയിൽ മരണപ്പെട്ടതെങ്കിലും റോയിയുടേത് ആത്മഹത്യയാണെന്നും ബാക്കിയുള്ളതെല്ലാം ഹൃദയാഘാതമാണെന്നുമാണ് എല്ലാവരും വിശ്വസിച്ചത്.

റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ മുൻകൈയെടുത്തയാളായിരുന്നു മാത്യു. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ഭാര്യയും കുട്ടിയും കോടഞ്ചേരിയിൽ വച്ചാണ് മരിച്ചതെങ്കിലും മരണങ്ങളിൽ സമാനതകളുണ്ടായിരുന്നതാണ് ഈ മരണങ്ങളെയും സംശയത്തിലെത്തിച്ചിരിക്കുന്നത്. 2016ലാണ് കോടഞ്ചേരിയിലെ ഷാജു താമസിക്കുന്ന വീട്ടിൽ വച്ച് കുഞ്ഞ് ആദ്യം മരിക്കുന്നത്. ഇറച്ചിക്കറിയും ബ്രഡ്ഡും കഴിച്ചതിനെ തുടർന്നായിരുന്നു അസ്വസ്ഥത തുടങ്ങിയത്. തുടർന്ന് ഭാര്യ സിലിയും കുഴഞ്ഞുവീണ് മരിച്ചു.