ഹൈദരാബാദ്: ഹൈദരാബാദ് ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ എസ്.സുരേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തെ തുടർന്ന് സമീപത്തുള്ള ഒരു സ്വകാര്യ ലബോറട്ടറിയിലെ ടെകനീഷ്യൻ ജെ.ശ്രീനിവാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ അമീർപേട്ടിലുളള അന്നപൂർണ അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിലാണ് 56കാരനായ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
സ്വവർഗരതിക്ക് ശേഷമുണ്ടായ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലേക്ക് സ്ഥിരമായെത്തി. സ്വവർഗരതിയിൽ ഏർപ്പെടുന്നതിന് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതി, അത് കിട്ടാതെ വന്നതോടെയാണ് കൊല ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പണം വാങ്ങുന്നതിനായി ശ്രീനിവാസൻ ഈ മാസം ഒന്നാം തീയതി ഫ്ലാറ്റിൽ എത്തി. എന്നാൽ പണം നൽകാൻ സുരേഷ് വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ ശ്രീനിവാസൻ സുരേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ സ്വർണ മോതിരവും ഫ്ലാറ്റിൽ നിന്ന് മോഷ്ടിച്ച പതിനായിരം രൂപയും, മൊബൈൽ ഫോണും ശ്രീനിവാസന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. കൊലയ്ക്ക് ശേഷം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറയുന്നു. ഫ്ലാറ്റിൽ നിന്ന് പ്രതിയുടെ മുടിയും രക്തസാമ്പിളുകളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഹൈദരാബാദിലെ ഫ്ളാറ്റിൽ തനിച്ച് താമസിച്ച് വരികയായിരുന്ന സുരേഷ് ഒക്ടോബർ രണ്ടിന് ഒാഫീസിൽ എത്തിയിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതേതുടർന്ന് വിവരം ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായ സുരേഷിന്റെ ഭാര്യ ഇന്ദിരയെ അറിയിച്ചു. അവർ ഉടൻ ഹൈദരാബാദിൽ എത്തി പൊലീസിൽ പരാതി നൽകി. പിന്നീട് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.