അഹമ്മദാബാദ്: ജീവനൊടുക്കാൻ കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിയ യുവതി വയോധികന്റെ മേൽ വീണ് ഇരുവരും മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മംമ്ത ഹൻസ് രാജ് രതി(30)യും ബാലു ഗമിത്(69)മാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു റിട്ട.അദ്ധ്യാപകനായ ബാലു. നടത്തം കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങിവരികയായിരുന്ന ബാലുവിന്റെ തലയ്ക്കുമീതെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ മമ്ത വീണത്.
വീഴ്ചയിൽ ബാലുവിന്റെ തലയ്‌ക്കേറ്റ ഗുരുതരപരിക്കിനെ തുടർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. മംമ്തയും വീഴ്ചയിൽ തന്നെ മരിച്ചു. മംമ്തയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. ആകസ്മിക മരണത്തിന് കേസെടുത്തതായും രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനയച്ചതായും ഇൻസ്പെക്ടർ ആർ.ടി ഉദാവത്ത് വ്യക്തമാക്കി. 14 നിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ബാലു ഗമിത് താമസിച്ചിരുന്നത്.
"സൂറത്തിലെ ഭർതൃഗൃഹത്തിൽ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദിൽ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് ഇവർ താമസിക്കുന്നത്. പതിമൂന്നാം നിലയിൽ താമസിക്കുന്ന സഹോദരന്റെ അപ്പാർട്ട്‌മെന്റിലായിരുന്നു മംമ്തയും ഭർത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്. 2011 ലായിരുന്നു മംമ്ത വിവാഹിതയായത്. ഭർത്താവ് സൂറത്തിൽ വസ്ത്രവ്യാപാരിയാണ്. അടുത്തിടെയാണ് മംമ്ത മാനസികരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനാരംഭിച്ച"തെന്നും സൂറത്തിലെ പ്രാദേശിക സാമൂഹ്യ പ്രവർത്തകനായ ഹർഷാദ് പട്ടേൽ പറഞ്ഞു.