1. കോഴിക്കോട് കൂടത്തായിയിലെ മരണ പരമ്പരയില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. താമരശ്ശേരി സ്വദേശിയായ മാത്യുവും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും ആണ് കസ്റ്റഡിയില്‍ ആയത്. ജ്വല്ലറി ജീവനക്കാരന്‍ ആയ മാത്യു ആണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത് എന്ന് അന്വേഷണ സംഘം. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജോളി നേരത്തെ അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തി ഇരുന്നു. മൂന്നുപേരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
2. നടന്നത് സ്‌ളോ പോയിസണിംഗ് എന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. സയനൈഡിന്റെ അളവ്, എങ്ങനെ മിക്സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ച് വരിക ആണ്. ഒരു യുവാവ് ആണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത്. വ്യാജ വില്‍പ്പത്രം ഉണ്ടാക്കിയ ആളെ കുറിച്ചും വിവരം ലഭിച്ചതായി പൊലീസ്. ഇവരെ എല്ലാം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരിക ആണ്. ഇവരെ മാപ്പ് സാക്ഷികള്‍ ആക്കി ജോളിയെ അറസ്റ്റ് ചെയ്യാന്‍ ആണ് പൊലീസ് ആലോചിക്കുന്നത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആവുക, രാസ പരിശോധനാ ഫലം ലഭിച്ച ശേഷം ആവും
3. ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വം ആയിരുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ജോളി ഒഴിഞ്ഞുമാറി. വേഗത്തിലുള്ള മരണം, ആറുപേരുടെയും മരണത്തിലെ സമാനത, പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നു പേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയ സംബന്ധമായ രോഗം ഉണ്ടായിരുന്നു എന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
4. പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണത്തില്‍ ആരോപണ 2 വിധേയരായ ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ്. ഗുരുവായൂര്‍ എ.സി.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എക്‌സൈസ് സംഘത്തിന്റെ ജീപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 3 പ്രിവന്റീവ് ഓഫീസര്‍മാര്‍, 4 സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 8 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഒളിവില്‍ പോയ ഉദ്യോഗസ്ഥര്‍ ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. മറ്റ് 6 പേരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
5. പ്രതിയെ ഗുരുവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോള്‍ ജീപ്പിലിട്ട് ആണ് മര്‍ദിച്ചത്. ഇത് ക്രൂരത ആണെന്ന് പറഞ്ഞ് ഒരു പ്രിവന്റീവ് ഓഫീസര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി പോയതായും പൊലീസിന് വിവരം ലഭിച്ചു. തലയുടെ പിന്‍ഭാഗത്ത് ക്ഷതമേറ്റതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണ് മരണ കാരണം എന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി ഇരുന്നു. ശരീരത്തില്‍ മാരകമായ 12 മുറിവുകളും മുതുകില്‍ മര്‍ദനം ഏറ്റതിന്റെ പാടുകളും ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
6. ഒഴിപ്പിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്ന മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക്. ടെന്‍ഡര്‍ നടപടികളും ഫ്ളാറ്റുകളിലെ പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ കണക്ക് എടുപ്പും തിങ്കളാഴ്ചയ്ക്ക് ഉള്ളില്‍ പൂര്‍ത്തിയാക്കും. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം. ഫ്ളാറ്റുടമകളുടെ പട്ടിക രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം
7. ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ളവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം മാറ്റാത്തവരുടെ നഷ്ട പരിഹാരത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി തീരുമാനം എടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ കെട്ടിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതും അവസാന ഘട്ടത്തിലാണ്. പൂര്‍ണമായും ഒഴിഞ്ഞ ഫ്ളാറ്റുകളില്‍ നിന്ന് പുനരുപയോഗ സാധ്യതയുള്ള സാധനങ്ങളുടെ പട്ടിക രണ്ടു ദിവസത്തിന് ഉള്ളില്‍ തയാറാക്കും. അടുത്ത ചൊവ്വാഴ്ചക്ക് മുന്‍പ് ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആണ് സര്‍ക്കാരിന്റെ തീരുമാനം
8. മരടില്‍ സുപ്രീംകോടതി വിധിപ്രകാരം പൊളിക്കാനുള്ള നാല് ഫ്ളാറ്റുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലായി 9522 കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പന സാധ്യതയും പൊടിയും ഒരു കിലോമീറ്റര്‍ വരെ പരക്കുമെന്ന് മദ്രാസ് ഐ.ഐ.ടി നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എം.സ്വരാജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ പ്രത്യേക യോഗവും ഇന്ന് മരടില്‍ ചേരുന്നുണ്ട്
9. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ കാമറ ഉപയോഗിച്ചാണ് ഇവ പകര്‍ത്തിയത്. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്രേ സ്‌പെക്രേ്ടാ മീറ്റര്‍ ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലാണ് ഓര്‍ബിറ്ററുള്ളത്. ബോഗസ്ലാവ്സ്‌കി- ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഒ.എച്ച്.ആര്‍.സി പകര്‍ത്തിയത്. ചന്ദ്രയാന്‍2 പേടകം പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐ.എസ.്ആര്‍.ഒ നേരത്തെ പുറത്തുവിട്ടിരുന്നു.
10. സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിറുത്തിവച്ചു. വോളണ്ടിയര്‍ ആയിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് നിറുത്തിവച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സന് ആണ് പരിക്കേറ്റത്. അഫീലിനെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.