saudi

റിയാദ്: വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിന് പിന്നാലെ പുത്തൻ ഇളവുകളുമായി സൗദി അറേബ്യ. വിദേശികൾക്ക് ഇനി മുതൽ ബന്ധം തെളിയിക്കാതെ സൗദിയിലെ ഹോട്ടലിൽ മുറിയെടുക്കാം. രാജ്യത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്കാരത്തിന് സൗദി ഭരണകൂടം തുടക്കമിടുന്നത്. ഇതോടെ സൗദിയിലെ വനിതകൾക്കും ഇത്തരത്തിൽ ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനുള്ള നിയന്ത്രണം നീങ്ങിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാമ്പത്തിക സാമൂഹിക പരിഷ്‌കരണ അജൻഡയുടെ ഭാഗമാണ് അടുത്ത കാലത്തുണ്ടായ പരിഷ്‌കാരങ്ങൾ എല്ലാം.

വിവാഹിതരല്ലാത്ത സ്ത്രീ-പുരുഷന്മാർക്ക് ഒരുമിച്ച് യാത്ര ചെയ്യാനും താമസിക്കാനും സൗദിയിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിനും സൗദിയിൽ വിലക്കുണ്ട്. സൗദി പൗരൻമാരായ സ്ത്രീക്കും പുരുഷനും ബന്ധം തെളിയിക്കുന്ന രേഖകളിലാതെ ഹോട്ടൽ മുറിയിൽ താമസിക്കാനുള്ള അനുമതിയില്ല. ഇപ്പോഴത്തെ ഇളവ് വിദേശികൾക്ക് മാത്രമാണ് ബാധകം. കൂടാതെ എല്ലാ സൗദി സ്ത്രീകൾക്കും തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഹോട്ടലുകളിൽ മുറിയെടുക്കാം. സൗദി കമ്മിഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സൗദി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴി‌ഞ്ഞ ആഴ്ചയാണ് 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് സൗദി ഭരണകൂടം ഉത്തരവിറക്കിയത്. ഇതുവരെ എണ്ണകയറ്റുമതിയിലൂടെ മാത്രം വളർത്തിയ സൗദി സമ്പദ് വ്യവസ്ഥയിൽ വിനോദ സഞ്ചാരം കൂടി ഉൾപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലുള്ള ഇളവുകൾ സൗദി പ്രഖ്യാപിക്കുന്നത്. ഇതിന് പുറമേ വിനോദ സഞ്ചാരികൾ ശരീരം മുഴുവൻ മൂടുന്ന കറുത്ത വസ്ത്രം ധരിക്കേണ്ടതില്ലെന്നും മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും സൗദി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് തുടരും.