prayaga

സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാർട്ടിൻ. രാമലീല, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ,ബ്രദേഴ്സ് ഡേ, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

താരങ്ങളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഇഷ്ടങ്ങളെക്കുറിച്ചുമൊക്കെ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ. താൻ തന്നെയാണെന്നാണ് പ്രയാഗയുടെ പക്ഷം.

' നമ്മൾ എത്രത്തോളം നമ്മളെ സ്നേഹിക്കുന്നുവോ അത്രത്തോളം മറ്റൊരാളെ സ്നേഹിക്കാനും മനസിലാക്കാനും കഴിയും. നമുക്ക് സ്വയം സ്നേഹിക്കാനും മനസിലാക്കാനും തിരുത്താനും കഴിയണം. ഏതൊരാളുടെയും ഏറ്റവും നല്ല ക്രിട്ടിക് അവനവൻ തന്നെയാണ്'- താരം പറഞ്ഞു.

നടി എന്നതിലുപരി താൻ നല്ലൊരു ഡാൻസർ കൂടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രയാഗ. അഞ്ചുവയസുമുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നെന്നും,​ ഭരതനാട്യം,​ മോഹിനിയാട്ടം,​കുച്ചിപ്പുടി ഇതൊക്ക പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ മോഹിനിയാട്ടത്തിലാണ് ഫോക്കസ് ചെയ്യുന്നതെന്നും നടി പറയുന്നു.

prayaga

ഏതൊരു വ്യക്തിയുടേയും സമ്പത്താണ് കലാപരമായും കായിക പരമായുമുള്ള കഴിവുകളെന്നും,​ അഭിനയിച്ച സിനിമകളിലെല്ലാം ഡാൻസർ എന്നതിലെ ഏതെങ്കിലുമൊരു എലമെന്റ് തന്നെ സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രയാഗ മനസ് തുറന്നത്.