കോഴിക്കോട്: കൂടത്തായിയിൽ ഒരേ കുടുംബത്തിലെ ആറ് പേർ വർഷങ്ങളുടെ ഇടവേളകളിലായി മരിച്ച കേസിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി രഹസ്യങ്ങളാണ് പുറത്തുവരുന്നത്. കുറ്റകൃത്യങ്ങൾ പുറത്തുവരുന്നതിലേക്ക് നയിച്ചത് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ നൽകിയ പരാതിയായിരുന്നു. എന്നാൽ, അമേരിക്കയിൽ ആയതുകൊണ്ട് മാത്രമാണ് റോജോ രക്ഷപ്പെട്ടത്. നേരത്തെ അന്നമ്മയുടെയും ടോം തോമസിന്റെയും റോയിയുടെയും മരണത്തിൽ സംശയം പ്രകടിപ്പിച്ച അന്നമ്മയുടെ സഹോദരൻ മാത്യുവും കൊല്ലപ്പെടുകയാണ് ഉണ്ടായത്.
മൂന്ന് പേരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു എന്നതുകൊണ്ട് മാത്രം മറ്റൊരു വീട്ടിലുള്ള മാത്യു കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം, അമേരിക്കയിലുള്ള റോജോയുടെ പരാതി പിൻവലിക്കാൻ പല തരത്തിലുള്ള ശ്രമങ്ങൾ കുറ്റാരോപിതയായ ജോളി നടത്തിയിരുന്നു. റോയിയുടെ മരണശേഷം ജോളി ടോം തോമസിന്റെ അനിയൻ സക്കറിയയുടെ മകൻ ഷാജുവിനെ വിവാഹം ചെയ്തു. ഷാജുവിന്റെ മകൾ അൽഫോൻസയെയും ഭാര്യ സിലിയെയും 2014ലും 2016ലുമായി കൊലപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവർക്ക് സയനൈഡ് എത്തിച്ചുനൽകിയെന്ന് കരുതുന്ന ജുവല്ലറി ജീവനക്കാരനെയുമാണ് വടകര റൂറൽ എസ്.പി. ഓഫീസിൽവച്ച് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. അതിനിടെ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ നടത്തിയ ചോദ്യംചെയ്യലിൽ സംഭവത്തിൽ പങ്കില്ലെന്നാണ് ഷാജു മൊഴിനൽകിയിരുന്നതെങ്കിലും ഇയാളെ വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.