ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഹരിയാന കോൺഗ്രസിന് തിരിച്ചടിയായി മുൻ പി.സി.സി അദ്ധ്യക്ഷൻ ആശോക് തൻവർ പാർട്ടിയിൽ നിന്ന് രാജിവച്ചു. നിയമസഭയിലേക്കുള്ള സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. പാർട്ടിയിൽ നിന്നുള്ളവർ തന്നെയാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ച ശേഷമാണ് അശോക് തൻവർ പാർട്ടിവിട്ടത്.
നിയമസഭ തിരഞ്ഞെടുപ്പിൽ നേതൃത്വം കോടികൾ വാങ്ങി സീറ്റുകൾ വിൽക്കുകയാണെന്ന് ആരോപിച്ച് അശോക് തൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഹരിയാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി ചെയർമാൻ കൂടിയായ ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാനത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, പിസിസി അദ്ധ്യക്ഷ കുമാരി ശെൽജ എന്നിവരെ ഉന്നമിട്ടാണ് തൻവർ ആരോപണം ഉന്നയിച്ചത്. വർഷങ്ങളായി പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് സീറ്റ് നൽകുന്നില്ലെന്ന് തൻവർ ആരോപിച്ചിരുന്നു.
After long deliberations with party workers and for reasons well known to all Congressman and public, I hereby resign from the primary membership of the @INCIndia pic.twitter.com/qG9dYcV6u2
— Ashok Tanwar (@AshokTanwar_INC) October 5, 2019
ഭൂപീന്ദർ ഹൂഡ പണം വാങ്ങിയും പാർട്ടിയിലെ തന്റെ ഇഷ്ടക്കാർക്കുമായി സീറ്റ് വീതം വെപ്പ് നടത്തിയെന്നും തൻവർ ആരോപിക്കുന്നു. അഞ്ച് കോടി രൂപയ്ക്കാണ് സോഹ്ന സീറ്റ് വിൽപ്പന നടത്തിയത്. കോൺഗ്രസിൽ നിന്നും 11 എം.എൽ.എമാർ ഇതിനകം തന്നെ ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞു. മൂന്ന് മാസത്തിനിടെ 6 തവണ ബി.ജെ.പി തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്നും എന്നാൽ കൂറ് കാരണം താൻ പോയില്ലെന്നും അശോക് തൻവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് വിട്ട സ്ഥിതിക്ക് ബി.ജെ.പി പാളയത്തിലേക്ക് പോയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.